ന്യൂഡല്‍ഹി:റഫാല്‍ കരാറിന്റെ പൂര്‍ണ വിവരങ്ങള്‍ പുറത്തുവിടണമെന്ന് സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.ഫ്രാന്‍സില്‍ നിന്നും വാങ്ങിയ വിമാനത്തിന്റെ വില, സാങ്കേതിക വിവരങ്ങള്‍,കരാറിലെ നടപടിക്രമങ്ങള്‍ തുടങ്ങിയവ കോടതിയെ അറിയിക്കണം.എന്നാല്‍ റഫാല്‍ ഇടപാടില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി.
മുന്‍ കേന്ദ്ര ധനമന്ത്രിയും ബിജെപി നേതാവുമായ യശ്വന്ത് സിന്‍ഹ,അരുണ്‍ ഷൂരി,മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ എന്നിവര്‍ നല്‍കിയ ഹര്‍ജി പരിഗണക്കവെയാണ് വിലനിലവാരവും ചെലവുമടക്കമുള്ള എല്ലാ വിവരങ്ങളും പത്ത് ദിവസത്തിനകം ഹാജരാക്കാന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയ് ആവശ്യപ്പെട്ടത്.
കരാറിനെക്കുറിച്ച് സി.ബി.ഐ അന്വേഷണമോ കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണമോ വേണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടെങ്കിലും സി.ബി.ഐയിലെ ഇപ്പോഴത്തെ പ്രശ്നങ്ങള്‍ കഴിയുന്നത് വരെ കാത്തിരിക്കാനാണ് കോടതി നിര്‍ദ്ദേശിച്ചത്.
അതേസമയം, വിമാനത്തിന്റെ വില ഉള്‍പ്പടെയുള്ള വിവരങ്ങള്‍ പുറത്തുവിടാന്‍ കഴിയില്ലെന്ന് അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു.റിലയന്‍സിന്റെ പങ്ക് എന്താണെന് അറിയിക്കണമെന്നും കോടതി അറിയിച്ചു.