കാര്യവട്ടം:ഇന്ത്യ- വിന്‍ഡീസ് അവസാന ഏകദിനത്തിനായി ഇനി
കുറച്ചു സമയം മാത്രം ശേഷിക്കേ കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ ഗ്യാലറികള്‍ ക്രിക്കറ്റ് പ്രേമികളെക്കൊണ്ടു നിറഞ്ഞു.ഇരു ടീമുകളും സ്റ്റേഡിയത്തിലെത്തിക്കഴിഞ്ഞു.ഉച്ചയ്ക്ക് 1.30 നാണ് കളി തുടങ്ങുന്നത്.കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന്റെ ചരിത്രത്തിലെ ആദ്യ രാജ്യാന്തര ഏകദിനത്തിനാണ് ആരാധകര്‍ ഇന്ന് സാക്ഷിയാവുക.
മഴയുടെ ഭീഷണി നിലനില്‍ക്കുന്നുണ്ടെങ്കിലും ഇപ്പോള്‍ സ്റ്റേഡിയത്തില്‍ തെളിഞ്ഞ കാലാവസ്ഥയാണ്.ഇന്നത്തെ മത്സരം ജയിച്ചാല്‍ പരമ്പര ഇന്ത്യയ്ക്ക് സ്വന്തമാകും.അതേ സമയം പരമ്പര കൈവിടാതിരിക്കാനുറച്ചാണ് വിന്‍ഡീസും ഇറങ്ങുക.
ഇന്നലെ ഇന്ത്യന്‍ ടീം സ്റ്റേഡിയത്തില്‍ പരിശീലനം നടത്തിയെങ്കിലും വിന്‍ഡീസ് ടീം മറ്റു വിനോദങ്ങളിലേര്‍പ്പെടുകയായിരുന്നു.പരമ്പര നേടാനാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ ടീം.മികച്ച ഔട്ട്ഫീല്‍ഡാണ് പിച്ചിലെന്ന് ഇന്ത്യന്‍ ബൗളിംഗ് പരിശീലകന് ഭരത് അരുണ്‍ വ്യക്തമാക്കി.ഇരു ടീമുകള്‍ക്കും പരമ്പര നഷ്ടമാകാതിരിക്കാന്‍ ജയം അനിവാര്യമാണ്.
അഞ്ച് കളികളുടെ പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലാണ്. നായകന് ജയ്സണ്‍ ഹോള്‍ഡറിന്റെ കീഴില്‍ ഗ്രീന്‍ഫീല്‍ഡില്‍ മികച്ച മത്സരം തന്നെ കാഴ്ച വെക്കാനാകുമെന്ന പ്രതീക്ഷയിലാണ് വിന്‍ഡീസ് ടീം.1988ല്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇന്ത്യയെ 9വിക്കറ്റിന് തോല്‍പ്പിച്ച് വിന്‍ഡീസ് പരമ്പര സ്വന്തമാക്കിയിരുന്നു.
കളിയോടനുബന്ധിച്ച് കനത്ത പൊലീസ് സുരക്ഷയാണ്
ഒരുക്കിയിട്ടുള്ളത്.സ്റ്റേഡിയം പൂര്‍ണമായും പൊലീസിന്റെ നിയന്ത്രണത്തിലുമാണ്.1500 ഓളം പോലീസുകാരെയാണ് സുരക്ഷാച്ചുമതലയ്ക്കായി നിയോഗിച്ചിരിക്കുന്നത്.ട്രാഫിക് നിയന്ത്രണവും കര്‍ശനമാക്കിയിട്ടുണ്ട്.ഇരുചക്രവാഹനങ്ങള്‍ മാത്രമേ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കുകയുള്ളു.