തിരുവനന്തപുരം:അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് ഡ്രൈവര്‍ അര്‍ജ്ജുനായിരുന്നുവെന്ന് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ മൊഴി.അപകട സമയത്ത് ബാലഭാസ്‌കര്‍ പിന്‍സീറ്റില്‍ വിശ്രമിക്കുകയായിരുന്നെന്നും ദീര്‍ഘദൂര യാത്രയില്‍ ബാലഭാസ്‌കര്‍ വണ്ടി ഓടിക്കാറില്ലെന്നും ലക്ഷ്മി പറയുന്നു.താനും മോളും മുന്‍സീറ്റിലായിരുന്നെന്നും ലക്ഷ്മിയുടെ മൊഴിയിലുണ്ട്.
അപകടസമയത്ത് വണ്ടിയോടിച്ചിരുന്നത് ബാലഭാസ്‌കറായിരുന്നെന്നാണ് ഡ്രൈവര്‍ അര്‍ജ്ജുന്‍ പൊലീസിന് നല്‍കിയ മൊഴി.പിന്‍സീറ്റില്‍ യാത്ര ചെയ്തിരുന്ന ബാലഭാസ്‌കര്‍ കൊല്ലം മുതലാണ് വണ്ടിയോടിച്ചതെന്നും അര്‍ജ്ജുന്റെ മൊഴിയില്‍ പറഞ്ഞിരുന്നു.
തൃശൂരില്‍ ക്ഷേത്രദര്‍ശനത്തിനു പോയി മടങ്ങുമ്പോഴായിരുന്നു
ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ തിരുവനന്തപുരം പള്ളിപ്പുറത്ത് വച്ച് അപകടത്തില്‍പ്പെട്ടത്.ബാലഭാസ്‌കറിന്റെ മകള്‍ തേജസ്വിനി അപകടം നടന്ന ദിവസം മരിച്ചു.ഗുരുതരമായി പരിക്കേറ്റ ബാലഭാസ്‌കര്‍ ചികില്‍സയിലിരിക്കെ ഒക്‌ടോബര്‍ രണ്ടിന് മരിച്ചു.
അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ലക്ഷ്മി രണ്ടുദിവസം മുന്‍പാണ് ആശുപത്രിവിട്ട് വീട്ടിലെത്തിയത്.ലക്ഷ്മിയുടേയും ഡ്രൈവറുടേയും മൊഴിയില്‍ വൈരുദ്ധ്യങ്ങളുള്ളതിനാല്‍ പോലീസ് ശാസ്ത്രീയ പരിശോധന നടത്തിയേക്കും.കൂടാതെ അപകടസമയത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയവരുടേയും നാട്ടുകാരുടേയും മൊഴിയെടുക്കാനും പോലീസ് തീരുമാനിച്ചു.