തിരുവനന്തപുരം:വാഹന പാര്‍ക്കിംഗുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി റോഡിലേക്ക് തള്ളിയിട്ട യുവാവ് കാറിടിച്ച് മരിച്ചു.കൊടങ്ങാവിള കാവുവിള വീട്ടില്‍ സനലാണ് (32) മരിച്ചത്.കൊടങ്ങാവിളയില്‍ ഇന്നലെ രാത്രി 11 നായിരുന്നു സംഭവം.സംഭവത്തിനുശേഷം ഒളിവില്‍ പോയ ഡിവൈ.എസ്.പി ഹരികുമാറിനെ ചുമതലകളില്‍ നിന്നും നീക്കി.
ഡിവൈ.എസ്.പി ഹരികുമാര്‍ കൊടങ്ങാവിളയിലെ സുഹൃത്തിന്റെ വീട്ടില്‍ പോയിട്ട് മടങ്ങിവരുമ്പോള്‍ തന്റെ വാഹനത്തിന് തടസമായി കാര്‍ പാര്‍ക്ക് ചെയ്തതില്‍ പ്രകോപിതനായി സനലുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. മഫ്തിയിലായതിനാല്‍ ഡിവൈ.എസ്.പിയെ തിരിച്ചറിയാന്‍ സനലിന് കഴിഞ്ഞില്ല.തര്‍ക്കത്തിനിടെ ഡിവൈ.എസ്.പി ഹരികുമാര്‍ സനലിനെ റോഡിലേക്ക് പിടിച്ച് തള്ളുകയായിരുന്നു. റോഡിലേക്ക് വീണ സനലിനെ മറ്റൊരു കാര്‍ ഇടിച്ച് തെറിപ്പിച്ചു.സനലിനെ ആശുപത്രിയിലെത്തിക്കാന്‍ നില്‍ക്കാതെ ഡിവൈഎസ്പി സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.
ഗുരുതരമായി പരിക്കേറ്റ സനലിനെ നെയ്യാറ്റിന്‍കര പൊലീസും നാട്ടുകാരും ചേര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ്ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല ഇതിനിടെ ഡിവൈ.എസ്.പി ഒളിവില്‍ പോയി.ഹരികുമാറിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ കൊടങ്ങാവിളയില്‍ ഇന്നലെ രാത്രി റോഡ് ഉപരോധിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി നെയ്യാറ്റിന്‍കര താലൂക്കില്‍ ഇന്ന് രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
മെഡിക്കല്‍ കോളേജിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം സനലിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കും.സനല്‍ ഇലക്ട്രീഷ്യനാണ്.ഭാര്യയും രണ്ട് മക്കളുമുണ്ട്.