നിലയ്ക്കല്‍:സ്വകാര്യ വാഹനങ്ങളില്‍ തന്നെ പമ്പയിലേക്ക് പോകണമെന്ന ആവശ്യവുമായി ബി.ജെ.പി നേതാക്കളുടെ പ്രതിഷേധം.നിലയ്ക്കലിലെത്തിയ ബി.ജെ.പി നേതാക്കളായ എ.എന്‍.രാധാകൃഷ്ണന്‍,പി.കെ.കൃഷ്ണദാസ് തുടങ്ങിയവരാണ് പോലീസിനെ സമീപിച്ച് സ്വകാര്യവാഹനം കടത്തിവിടണമെന്നാവശ്യപ്പെട്ടത്.127 സ്വകാര്യ വാഹനങ്ങള്‍ പൊലീസ് നിലയ്ക്കലിലേക്ക് കടത്തിവിട്ടെന്നാരോപിച്ചാണ് തങ്ങളുടെ വാഹനങ്ങളും കടത്തിവിടണമെന്ന് ഇവര്‍ ആവശ്യപ്പെട്ടത്.ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികലയും സ്ഥലത്തുണ്ടായിരുന്നു.
തങ്ങള്‍ അറിയപ്പെടുന്ന ആളുകളാണെന്നും പൊതുപ്രവര്‍ത്തകരാണെന്നും പറഞ്ഞ് ഇവര്‍ പോലീസുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു.നിലവില്‍ നിലയ്ക്കലില്‍ നിന്നും പമ്പയിലേക്ക് കെ.എസ്.ആര്‍.ടി.സി ബസുകള്‍ മാത്രമേ സര്‍വീസ് നടത്തുന്നുള്ളൂ.നിലവിലെ സുരക്ഷാ മാനദണ്ഡങ്ങള്‍ അനുസരിച്ച് സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടാനാവില്ലെന്നും സഹകരിക്കണമെന്നും പൊലീസ് ഇവരോട് പറഞ്ഞെങ്കിലും അംഗീകരിക്കാതെയാണ് പ്രതിഷേധിച്ചത്.എന്നാല്‍ പോലീസ് വിട്ടുവീഴ്ചയ്ക്ക് തയ്യാറാവാത്തതിനെത്തുടര്‍ന്ന്
ഒടുവില്‍ കെ.എസ്.ആര്‍.ടി.സി ബസിലാണ് ഇവര്‍ പമ്പയിലേക്ക് പോയത്.
ഭക്തജനങ്ങള്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കാതെ പൊലീസും സര്‍ക്കാരും പീഡിപ്പിക്കുകയാണെന്ന് ബി.ജെ.പി നേതാവ് എ.എന്‍.രാധാകൃഷ്ണന്‍ ആരോപിച്ചു.