തിരുവനന്തപുരം:നെയ്യാറ്റിന്‍കരയില്‍ വാക്കുതര്‍ക്കത്തിനിടെ ഡിവൈ.എസ്.പി വാഹനത്തിനു മുന്നിലേക്കു തള്ളിയിട്ടുകൊന്ന സനല്‍കുമാറിന്റെ കൊലപാതക കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും.പ്രതി ഉന്നത ഉദ്യോഗസ്ഥന് ആയതിനാല്‍ കേസ് ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന റൂറല്‍ എസ്പി അശോക് കുമാറിന്റെ ശുപാര്‍ശ അംഗീകരിച്ച് ഡിജിപി ഉത്തരവിറക്കി.ഡിവൈ.എസ്.പി ഹരികുമാറിന്റെ പാസ്പോര്‍ട്ട് കണ്ടുകെട്ടാനും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനും നിര്‍ദ്ദേശമുണ്ട്.ഹരികുമാറിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും.വിമാനത്താവളങ്ങളില്‍ ഇന്ന് തന്നെ ലുക്ക് ഔട്ട് നോട്ടീസ് പതിക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു.ഹരികുമാര്‍ തമിഴ്നാട്ടിലേക്കു കടന്നതായി സൂചനയുണ്ട്.
ഹരികുമാറിന് രക്ഷപ്പെടാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ അവസരമൊരുക്കിയെന്ന് വിമര്‍ശനമുയര്‍ന്ന സാഹചര്യത്തില്‍കൂടിയാണ് പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കാനും മറ്റുമുള്ള തീരുമാനമെടുത്തത്. പോലീസിന്റെ അന്വേഷണത്തില്‍ തനിക്ക് വിശ്വാസമില്ലെന്ന് സനലിന്റെ ഭാര്യ വിജി പറഞ്ഞിരുന്നു. ഹരികുമാറിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടണമെന്നും സര്‍ക്കാര്‍ തന്നോട് നീതി കാട്ടുമെന്നാണ് പ്രതിക്ഷയെന്നും വിജി പറഞ്ഞു.
ഹരികുമാറിനെ ഉടന്‍ അറസ്റ്റ് ചെയ്യുക, സനല്‍കുമാറിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കൊടങ്ങാവളയില്‍ നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റിക്ക് രൂപം നല്കി.