തിരുവനന്തപുരം:ഇനി തിരുവനന്തപുരത്ത് ആശ്രയമില്ലാതെ എത്തുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതമായി അന്തിയുറങ്ങാം.അതും സൗജന്യമായി.തമ്പാനൂരില്‍ ഇന്നു മുതല്‍ അതിനായി ‘എന്റെ കൂട്’ തുറന്നിടുകയാണ്.നഗരങ്ങളിലെത്തുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിത താവളമൊരുക്കുക എന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാര്‍ സാമൂഹിക നീതി വകുപ്പ് തിരുവനന്തപുരത്ത് ഒരുക്കുന്ന ‘എന്റെ കൂട്’ പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 11.30 ന് വനിതാശിശുക്ഷേമ മന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്യും.തമ്പാനൂര്‍ ബസ് ടെര്‍മിനലിന്റെ എട്ടാം നിലയിലാണ് ‘എന്റെ കൂട്’ ഒരുക്കിയിരിക്കുന്നത്.
നഗരത്തില്‍ എത്തിച്ചേരുന്ന നിര്‍ധനരായ വനിതകള്‍ക്കും 12 വയസ്സുവരെയുള്ള കുട്ടികള്‍ക്കും വൈകിട്ട് 5 മുതല്‍ രാവിലെ 7 മണി വരെ സുരക്ഷിതമായ വിശ്രമ സ്ഥലം ഒരുക്കുന്നതാണ് എന്റെ കൂട് പദ്ധതി.ഒരേ സമയം 50 പേര്‍ക്ക് താമസസൗകര്യം ഒരുക്കും.ശീതീകരിച്ച മുറിയും സൗജന്യ ഭക്ഷണവും ടിവിയും സെക്യൂരിറ്റിയും എല്ലാം സൗജന്യമായിരിക്കും.അടുക്കളയും ശുചിമുറിയും ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുമുണ്ട്.
ഇന്ത്യക്കകത്തും പുറത്തുനിന്നുമായി തൊഴിലന്വേഷിച്ചുവരുന്ന സ്ത്രീകള്‍ക്കും സുരക്ഷിതമായി തങ്ങാനൊരിടമാണ് ‘എന്റെ കൂട്’.ജില്ലാ ഭരണകൂടം പോലീസ് വകുപ്പ്,വിവിധ സന്നദ്ധ സംഘടനകള്‍ എന്നിവരുടെ സഹകരണത്തോടെ ജില്ലാ സാമൂഹ്യനീതി ഓഫീസറുടെ മേല്‍ നോട്ടത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.രണ്ടു വാച്ച്മാന്,മാനേജര്‍,രണ്ടു മിസ്ട്രസ്മാര്,ഒരു സ്കോവഞ്ചര്,എന്നിങ്ങനെ ആറു പേരാണ് മേല്‍നോട്ടവും ചുമതലയും വവഹിക്കുന്നത്.