കോഴിക്കോട്:ശബരിമല വിഷയവുമായി ബന്ധപ്പെട്ട വിവാദപ്രസംഗത്തില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ളക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.നന്മണ്ട സ്വദേശി ഷൈബിന്റെ പരാതിയിലാണ് കോഴിക്കോട് കസബ പൊലീസ് കേസെടുത്തത്.യുവമോര്‍ച്ച യോഗത്തില്‍ മതവികാരം ഇളക്കിവിടുന്നതരത്തില്‍ നടത്തിയ പ്രസംഗമാണ് ശ്രീധരന്‍ പിള്ളയെ വെട്ടിലാക്കിയത്.പ്രസംഗത്തിന്റെ പേരില്‍ ശ്രീധരന്‍പിള്ളയ്‌ക്കെതിരെ കൊച്ചിയിലും കോഴിക്കോട്ടും പരാതി ലഭിച്ചിരുന്നു.
ശബരിമല സന്നിധാനത്ത് യുവതികള്‍ എത്തിയ സമയത്ത് തന്ത്രി കണ്ഠര് രാജീവര് തന്നെ വിളിച്ചുവെന്നും നടയടയ്ക്കുമെന്നു പറഞ്ഞത് തന്റെ പിന്‍തുണയോടെയാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞിരുന്നു.’നമ്മള്‍ മുന്നോട്ട് വച്ച അജന്‍ഡയില്‍ എല്ലാവരും വീണു.കൃത്യമായ ആസൂത്രണത്തോടെയുള്ള ബിജെപി പ്ലാനാണ് ശബരിമല പ്രതിഷേധത്തില്‍ നടന്നത്.ബിജെപിക്ക് കേരളത്തില്‍ സജീവമാകാനുള്ള സുവര്‍ണാവസരമാണിത്’.ശ്രീധരന്‍പിള്ളയുടെ വാക്കുകളാണിത്.
തന്റെ പേരില്‍ ഇതുവരെ ഏഴ് കേസുകളാണെടുത്തിട്ടുള്ളത്. സി.പി.എമ്മും കോണ്‍ഗ്രസും തനിക്കെതിരെ കേസ് കൊടുത്ത് നടക്കുകയാണെന്നും തനിക്കെതിരെ കേസ് കൊടുത്തവര്‍ക്കെതിരെ വെറുതെയിരിക്കില്ലെന്നും കാസര്‍ഗോഡ് നടന്ന രഥയാത്ര ഉദ്ഘാടനത്തില്‍ ശ്രീധരന്‍പിള്ള പറഞ്ഞു.