തിരുവനന്തപുരം:തികച്ചും മതേതരവാദിയെന്നറിയപ്പെടുന്ന മുസ്‌ളീംലീഗ് നേതാവാണ് കെ.എം.ഷാജി.പോപ്പുലര്‍ ഫ്രണ്ടിന്റെയടക്കം വോട്ടുകള്‍ വേണ്ടെന്ന് പറഞ്ഞ് ഇസ്‌ളാം വര്‍ഗീയതയെ എതിര്‍ത്തയാള്‍.പക്ഷേ സ്വന്തം നിലപാടുകള്‍ക്ക് വിരുദ്ധമായ നടപടികള്‍ തെരഞ്ഞെടുപ്പ് രംഗത്ത് അദ്ദേഹം ചെയ്തുവെന്നതാണ് ഇപ്പോള്‍ അയോഗ്യതയിലേക്ക് നയിച്ചത്.
തെരഞ്ഞെടുപ്പ് ആവേശം കൊടുമ്പിരിക്കൊണ്ട പ്രചരണത്തിന്റെ അവസാന നാളുകളിലാണ് ഷാജിയെ കുരുക്കിലാക്കിയ നോട്ടീസ് പുറത്തിറങ്ങുന്നത്.

‘കാരുണ്യവാനായ അല്ലാഹുവിന്റെ അടുക്കല്‍ അമുസ്‌ളീംങ്ങള്‍ക്ക് സ്ഥാനമില്ല.അന്ത്യനാളില്‍ അവര്‍ സിറാത്തിന്റെ പാലം ഒരിക്കലും കടക്കില്ല.അവര്‍ ചെകുത്താന്റെ കൂടെ അന്തിയുറങ്ങേണ്ടവരാണ്.അഞ്ചുനേരം നമസ്‌കരിച്ച് നമ്മള്‍ക്കുവേണ്ടി കാവല്‍ തേടുന്ന മുഹ്മീനായ കെ.മുഹമ്മദ് ഷാജിയെന്ന കെ.എം.ഷാജി വിജയിക്കാന്‍ എല്ലാ മുഹ്മീനിങ്ങളും അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുക.കെ.എം.ഷാജിയെ ഏണി എന്ന അടയാളത്തില്‍ വോട്ട് ചെയ്ത് വിജയിപ്പിക്കുക.എന്നാണ് പോസ്റ്ററിലുള്ളത്.
ഈ നോട്ടീസില്‍ ഷാജിയുടെ പേരു പോലും കെ.മുഹമ്മദ് ഷാജി എന്നു വിപുലീകരിച്ചു നല്‍കി രാഷ്ട്രീയമായി ഉപയോഗിക്കുകയായിരുന്നു.അമുസ്‌ളീം എന്നു വിശേഷിപ്പിച്ചിരിക്കുന്നത് നികേഷ് കുമാറിനെയാണെന്ന് ആര്‍ക്കും ബോധ്യമാവും.
മുസ്‌ളീം ലീഗിന്റെ പ്രവര്‍ത്തകര്‍ വീടുകളില്‍ കയറിയിറങ്ങിയാണ് നോട്ടീസും ലഘുലേഖകളും വിതരണം ചെയ്തത്.തുടര്‍ന്ന് ഇതേക്കുറിച്ച് പരാതി ഉയര്‍ന്നപ്പോള്‍ പോലീസ് യുഡിഎഫ് നേതാക്കളുടെ വീട്ടില്‍ നിന്നും ലഘുലേഖകള്‍ പിടിച്ചെടുത്തു.
ഈ നോട്ടീസുകള്‍ പിന്നീട് പുറത്തുവന്നു.വര്‍ഗീയത വളര്‍ത്തുന്ന ലഘുലേഖകള്‍ കോടതിയില്‍ പരാതിക്കാരന്‍ ഹാജരാക്കിയതോടെയാണ് ഷാജിക്ക് കോടതിയില്‍ പരാജയപ്പെടേണ്ടിവന്നത്.