കൊച്ചി:കെ.എം.ഷാജി എംഎല്‍എയെ അയോഗ്യനാക്കിയ വിധി ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് സ്‌റ്റേ ചെയ്തു.ഒരാഴ്ചയ്ക്കകം 50,000 രൂപ കെട്ടിവെക്കാനും കോടതി നിര്‍ദ്ദേശിച്ചു.കേസ് വീണ്ടും ചൊവ്വാഴ്ച പരിഗണിക്കും.
ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുന്നതിനാല്‍  തല്‍ക്കാലത്തേക്ക് വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കെ.എം.ഷാജി ഹര്‍ജി നല്‍കിയിരുന്നു.കേസില്‍ സുപ്രീംകോടതി തീരുമാനമെടുക്കാന്‍ കാലതാമസമുണ്ടായാല്‍ അത്രയും കാലം അഴീക്കോട് മണ്ഡലത്തില്‍ എംഎല്‍എയുണ്ടാകില്ല.അതിനാല്‍ വിധി സ്‌റ്റേ ചെയ്യണമെന്നാണ് ഷാജി ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.
സ്‌റ്റേ കിട്ടിയതില്‍ ആശ്വാസമില്ലെന്നും തെരഞ്ഞെടുപ്പില്‍ വര്‍ഗീയ പ്രചരണം നടത്തിയെന്ന കോടതി പരാമര്‍ശം മാറ്റിക്കിട്ടാന്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നും ഷാജി വ്യക്തമാക്കി.
മുസ്‌ളീമായതുകൊണ്ട് കെ.എം ഷാജിയെ വോട്ടുചെയ്തു വിജയിപ്പിക്കണമെന്നും അമുസ്‌ളീങ്ങളെ വിശ്വസിക്കരുതെന്നും മറ്റും ആഹ്വാനം ചെയ്യുന്ന ലഘുലേഖ തെരഞ്ഞെടുപ്പ് കാലത്ത് വിതരണം ചെയ്തുവെന്ന് കാണിച്ചാണ് കെ.എം.ഷാജിക്കെതിരെ നികേഷ്‌കുമാര്‍ കോടതിയെ സമീപിച്ചത്.