തിരുവനന്തപുരം:മന്ത്രി മന്ത്രി ജി.സുധാകരന്റെ ഭാര്യ ഡോ.ജൂബിലി കേരള സര്‍വകലാശാലയുടെ സ്വാശ്രയ കോഴ്‌സുകളുടെ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് രാജിവച്ചു.തന്റെയും ജിസുധാകരന്റേയും പേര് കളങ്കപ്പെടുത്താനുള്ള ശ്രമം നടക്കുന്നുവെന്നും ആത്മാഭിമാനം നഷ്ടമാക്കി മുന്നോട്ടുപോകാന്‍ തയ്യാറല്ലെന്നുമാണ് ജൂബിലി നവപ്രഭ രാജിക്കുകാരണമായി പറഞ്ഞത്.
കേരള സര്‍വ്വകലാശാലയുടെ സ്വാശ്രയ സ്ഥാപനങ്ങളുടെ തലപ്പത്ത് ഡോം ടെക് ഡയക്ടറായി ജൂബിലി നവപ്രഭക്ക് സ്ഥിരം നിയമനം നല്‍കിയത് ചട്ടങ്ങള്‍ മറികടന്നാണെന്ന് ആരോപണമുയര്‍ന്നിരുന്നു.എന്നാല്‍ ആരുടെയും ശുപാര്‍ശ പ്രകാരമല്ല തനിക്ക് നിയമനം ലഭിച്ചതെന്നും തന്റെ പദവി സ്ഥിരപ്പെടുത്താനോ ശമ്പളം വര്‍ദ്ധിപ്പിക്കുവാനോ ശ്രമിച്ചിട്ടില്ലെന്നും ഇത്തരം വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ജൂബിലി നവപ്രഭ വ്യക്തമാക്കി.
കോളേജ് അധ്യാപികയായി വിരമിച്ച ശേഷമാണ് ജൂബിലി നവപ്രഭയെ സ്വാശ്രയ സ്ഥാപനങ്ങളുടെ ഡയറക്ടറായി നിയമിച്ചത്. ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലായിരുന്നു നിയമനം. ഇതിനു പിന്നാലെ ഈ തസ്തികയില്‍ ജുബിലി നവപ്രഭയെ സ്ഥിരപ്പെടുത്തുന്നതിന് സര്‍വകലാശാലാചട്ടങ്ങള്‍ ഭേദഗതിചെയ്യാന്‍ സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചതും വിവാദത്തിനിടയാക്കിയിരുന്നു.