ന്യൂഡല്‍ഹി:ഛത്തീസ്ഗഡില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി.18 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്.മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ കനത്ത സുരക്ഷാസംവിധാനങ്ങളോടെയാണ് വോട്ടെടുപ്പ് നടക്കുന്നത്.ക്രമസമാധാന പാലനത്തിനായി ഒരു ലക്ഷത്തോളം സുരക്ഷാസേനാംഗങ്ങളെ സംസ്ഥാനത്ത് വിന്യസിച്ചു.
ഇന്നലെ അനന്തഗഡ് ഗ്രാമത്തില്‍ നടത്തിയ സ്‌ഫോടന പരമ്പരയില്‍ ഒരു ബി. എസ്. എഫ് ജവാന്‍ കൊല്ലപ്പെട്ടു. ബി.എസ്.എഫ് അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ മഹേന്ദര്‍ സിംഗ് ആണ് മരിച്ചത്.തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനുള്ള ആഹ്വാനവും ഭീഷണിയുമായി മാവോയിസ്റ്റുകള്‍ ശക്തമായി രംഗത്തുണ്ട്.രണ്ടാഴ്ചയ്ക്കിടെ സൈനികരുള്‍പ്പെടെ 18 പേരാണ് മാവോയിസ്റ്റ് ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്.ദൂരദര്‍ശന്‍ കാമറാമാനും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. അഞ്ച് സംസ്ഥാനനിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ആദ്യഘട്ടമാണ് ഛത്തീസ്ഗഡില്‍ നടക്കുന്നത്.മുഖ്യമന്ത്രി രമണ്‍സിങ് ഉള്‍പ്പെടെ 190 സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ട്. ബിജെപി, കോണ്‍ഗ്രസ്,അജിത് ജോഗി–മായാവതി സഖ്യം എന്നിവരാണ് മത്സരരംഗത്തുള്ളത്.രണ്ടാംഘട്ടമായി 20ന് 72 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടക്കും.
മാവോയിസ്റ്റ് ഭീഷണി അതിരൂക്ഷമായ 12 മണ്ഡലങ്ങളെ ‘റെഡ് സോണ്‍’ സീറ്റുകളായാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രശ്‌നബാധിത മണ്ഡലങ്ങളില്‍ പത്തെണ്ണത്തില്‍ രാവിലെ ഏഴു മുതല്‍ വൈകിട്ട് മൂന്നു വരെയും എട്ടു മണ്ഡലങ്ങളില്‍ രാവിലെ എട്ടു മുതല്‍ അഞ്ചു വരെയുമാണ് പോളിങ്.കനത്ത സുരക്ഷയിലാണ് പോളിംഗ് ഉദ്യോഗസ്ഥരെയും പോളിംഗ് സാമഗ്രികളും ഓരോ ബൂത്തിലും എത്തിച്ചത്.200ഓളം ബൂത്തുകളില്‍ ഹെലികോപ്റ്റര്‍ സേവനവുമുണ്ട്.