ന്യൂഡല്‍ഹി:ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ടുള്ള പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രിം കോടതി നാളെ പരിണിക്കും.വൈകിട്ട് മൂന്നിനാണ് ഹര്‍ജികള്‍ പരിഗണിക്കുക. തുറന്ന കോടതിയില്‍ ഹര്‍ജികള്‍ പരിഗണിക്കില്ല.ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച്, ജഡ്ജിമാരുടെ ചേംബറില്‍ വച്ചായിരിക്കും ഹര്‍ജികളിന്മേല്‍ തീരുമാനമെടുക്കുക. അതേസമയം ദേവസ്വം ബോര്‍ഡിന് വേണ്ടി നാളെ മുതിര്‍ന്ന അഭിഭാഷകന്‍ ചന്ദര്‍ ഉദയ്‌സിംഗ് ഹാജരാകും.ദേവസ്വം ബോര്‍ഡിന് വേണ്ടി ഹാജരാകില്ലെന്ന് അഭിഭാഷകനായ ആര്യാമ സുന്ദരം വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് മാറ്റം.
ശബരിമലക്കേസില്‍ സുപ്രീം കോടതിയില്‍ ദേവസ്വം ബോര്‍ഡിന് വേണ്ടി ഹാജരാകാന്‍ കോണ്‍ഗ്രസ് നേതാവ് മനുഅഭിഷേക് സിംഗ്വിയെയാണ് ആദ്യം പരിഗണിച്ചിരുന്നത്. എന്നാല്‍ കേസില്‍ ഹാജരാകാന്‍ കഴിയില്ലെന്ന് അദ്ദേഹവും അറിയിക്കുകയായിരുന്നു.ആര് തടഞ്ഞാലും ദേവസ്വംബോര്‍ഡിന്റെ വക്കീല്‍ സുപ്രീംകോടതിയില്‍ ഉണ്ടാകുമെന്ന് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പത്മകുമാര്‍ പറഞ്ഞു.