കല്ലമ്പലം:നെയ്യാറ്റിന്‍കര സനല്‍ കൊലക്കേസിലെ പ്രതി ഹരികുമാര്‍ ആത്മഹത്യ ചെയ്ത നിലയില്‍.തിരുവനന്തപുരം കല്ലമ്പലത്തെ വിട്ടിലാണ് ഹരികുമാറിന്റെ മൃതദേഹം കണ്ടെത്തിയത്.തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്.കീഴടങ്ങാന്‍ പോലീസിന്റെ ഭാഗത്തുനിന്നും സമ്മര്‍ദ്ദമുണ്ടായിരുന്നതായി പറയപ്പെടുന്നു.കീഴടങ്ങാനായാണ് ഹരികുമാര്‍ ഇന്നലെ വീട്ടിലെത്തിയത്. എന്നാല്‍ പിന്നീട് ഹരികുമാറിനെക്കുറിച്ച് യാതൊരു വിവരവുമുണ്ടായിരുന്നില്ല.ഇന്ന് രാവിലെയാണ് വീടിനോട് ചേര്‍ന്നുള്ള ചായ്പില്‍ ഹരികുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.                                                                                                                                              നാട്ടുകാര്‍ പോലീസിനെ വിവരം അറിയിച്ചു.കല്ലമ്പലം പോലീസ് സ്ഥലത്തെത്തി ഉന്നത ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. കുറച്ചു മുന്‍പാണ് മരിച്ചത് ഹരികുമാറാണെന്ന് തിരിച്ചറിഞ്ഞത്.മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയിലേക്കു മാറ്റും.സനലിന്റെ മരണവിവരമറിഞ്ഞ ശേഷം ഒളിവില്‍ പോയ ഹരികുമാര്‍ കര്‍ണ്ണാടക വനാതിര്‍ത്തിയിലായിരുന്നു ഒടുവില്‍ തങ്ങിയത്.ഇന്നലെ നാട്ടിലെത്തിയ ഹരികുമാര്‍ കീഴടങ്ങുമെന്ന സന്ദേശം പോലീസിനു നല്‍കിയെങ്കിലും തുടര്‍ന്ന് ഇയാളെക്കുറിച്ച് യാതൊരു വിവരവുമുണ്ടായില്ല.അതുകൊണ്ടുതന്നെ ഹരികുമാര്‍ കബളിപ്പിക്കുകയാണെന്നാണ് പോലീസ് കരുതിയത്.തുടര്‍ന്നാണ് മരണവാര്‍ത്തയെത്തുന്നത്.