തിരുവനന്തപുരം:നെയ്യാറ്റിന്‍കര സബ് ജയിലേക്ക് മാറ്റുന്നത് താങ്ങാനാവില്ലെന്ന് ഡിവൈഎസ്പി ഹരികുമാര്‍ പലതവണ പറഞ്ഞിരുന്നതായി സുഹുത്ത് ബിനുവിന്റെ മൊഴി.ഭക്ഷണം കൃത്യമായി കഴിക്കാതെ നിരന്തരം യാത്രചെയ്തത് പ്രമേഹരോഗിയായ ഹരികുമാറിനെ അവശനാക്കിയെന്നും അതുകൊണ്ടാണ് കേരളത്തിലേക്കു തിരിച്ചുവന്നതെന്നും ബിനു പറയുന്നു.ഹരികുമാറിന്റെ ആത്മഹത്യക്ക് ശേഷമാണ് ബിനുവും ഡ്രൈവര്‍ രമേശും പോലീസില്‍ കീഴടങ്ങിയത്.
സനലിന്റെ മരണം ഉറപ്പായശേഷം ഡിവൈഎസ് പി ഹരികുമാര്‍ ആദ്യം കല്ലമ്പലത്തെ വീട്ടില്‍ പോയി വസ്ത്രങ്ങളെടുത്ത് ഒളിവില്‍ പോവുകയായിരുന്നു.മറ്റൊരിടത്തും തങ്ങാതെ കര്‍ണ്ണാടകയിലെ ധര്‍മ്മസ്ഥല്‍ വരെ യാത്ര ചെയ്‌തെന്നും ബിനു പറയുന്നു.
ഒളിവില്‍ പോകുന്നതിന് മുന്‍പ് ഹരികുമാര്‍ അഭിഭാഷകനെ കണ്ടിരുന്നുവെന്നും വാഹനാപകടമായതിനാല്‍ ജാമ്യം കിട്ടുമെന്നായിരുന്നു അഭിഭാഷകന്റെ ഉപദേശമെന്നും ബിനു പറഞ്ഞു.എന്നാല്‍ പിന്നീട് ജാമ്യത്തിന് സാധ്യതയില്ലെന്നറിഞ്ഞതോടെ കീഴടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.ഇരുവരും ചെങ്കോട്ട വഴിയാണ് ആറ്റിങ്ങല്‍ കലമ്പലത്തെ ഹരികുമാറിന്റെ വീട്ടിലെത്തിയതെന്നും ബിനു പറഞ്ഞു.
ക്യാന്‍സര്‍ ബാധിച്ച് മരിച്ച മകന്റെ കുഴിമാടത്തില്‍ പൂക്കളര്‍പ്പിച്ച ശേഷമാണ് ഹരികുമാര്‍ ആത്മഹത്യ ചെയ്തത്.ഹരികുമാര്‍ ഒളിവില്‍പോയശേഷം ഭാര്യയും മകനും കുടുംബവീട്ടിലായിരുന്നു താമസം.