തിരുവനന്തപുരം:ശബരിമല പ്രശ്‌നത്തില്‍ സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗം പരാജയപ്പെട്ടു.സര്‍ക്കാരും മറ്റുകക്ഷികളും അവരവരുടെ നിലപാടില്‍ ഉറച്ചുനിന്നതോടെയാണ് സമവായത്തിനുള്ള ശ്രമം പാളിയത്.ഇതോടെ ഈ മണ്ഡലകാലം സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളികള്‍ നിറഞ്ഞതാകുമെന്ന് ഉറപ്പായി.
മുഖ്യമന്ത്രിയുടെ പ്രസംഗത്തിനു പിന്നാലെ യുഡിഎഫ് യോഗം ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി.ശബരിമലയില്‍ ബിജെപിയും സിപിഎമ്മും പ്രശ്‌നം പരിഹരിക്കപ്പെടാതിരിക്കാന്‍ ഒത്തു കളിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.കോടതി വിധി നടപ്പാക്കാന്‍ സാവകാശഹര്‍ജി നല്‍കണമെന്നും വിധി നടപ്പാക്കുന്നത് നിര്‍ത്തി വയ്ക്കണമെന്നുമുള്ള രണ്ട് ആവശ്യങ്ങള്‍ സര്‍ക്കാരിന് മുന്നില്‍ യുഡിഎഫ് അവതരിപ്പിച്ചു.എന്നാല്‍ രണ്ട് ആവശ്യവും സര്‍ക്കാര്‍  തള്ളിക്കളഞ്ഞതുകൊണ്ടാണ്‌ യുഡിഎഫ് ഇറങ്ങിപ്പോന്നതെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.വിധി നടപ്പാക്കാന്‍ സാവകാശം തേടിയുള്ള ഹര്‍ജി നല്‍കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.                                                                                               ശബരിമല പ്രശ്‌നം പരിഹരിക്കാനുള്ള അവസരം ഗവണ്‍മെന്റ് ഇല്ലാതാക്കി. ഭക്തന്മാരുടെ വാഹനങ്ങള്‍ക്ക് പാസ് എര്‍പ്പെടുത്തുമെന്ന നടപടി പിന്‍വലിക്കണമെന്ന് കെപിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടെങ്കിലും അതും തള്ളിക്കളഞ്ഞു. ശബരിമല തീര്‍ത്ഥാടനത്തെ ദുര്‍ബലപ്പെടുത്താന്‍ ഗവണ്‍മെന്റ് ശ്രമിക്കുകയാണ്.വിശ്വാസ സമൂഹത്തോടുള്ള വെല്ലുവിളിയാണ് സര്‍ക്കാരിന്റേതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.പുനഃപരിശോധനാ ഹര്‍ജി ജനുവരി 22-ന് കേള്‍ക്കുന്നതിനാല്‍ അതുവരെ സ്ത്രീപ്രവേശനം നടപ്പാക്കുന്നത് നിര്‍ത്തിവെക്കണമെന്നുമായിരുന്നു പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം.                                                                     11 മണിക്കാണ് സര്‍വകക്ഷിയോഗം തുടങ്ങിയത്.മുഖ്യമന്ത്രിയുടെ ചേംബറിലാണ് യോഗം നടന്നത്.മന്ത്രി എകെ ബാലന്‍ യോഗത്തില്‍ പങ്കെടുത്തു. ഉച്ചയ്ക്കുശേഷം മൂന്നിന് തന്ത്രികുടുംബത്തിന്റെയും, പന്തളം കൊട്ടാരത്തിന്റെയും പ്രതിനിധികള്‍ പങ്കെടുക്കുന്ന പ്രത്യേകയോഗം നടക്കും.