തിരുവനന്തപുരം: ശബരിമലയില്‍ സുപ്രീംകോടതി വിധി നടപ്പാക്കുകയല്ലാതെ സര്‍ക്കാരിന് മറ്റ് മാര്‍ഗങ്ങളില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.സര്‍ക്കാരിന് ശബരിമല വിഷയത്തില്‍ മുന്‍വിധിയുണ്ടെന്ന കോണ്‍ഗ്രസിന്റേയും ബിജെപിയുടേയും ആരോപണം ശരിയല്ലെന്നും കോടതി എന്താണോ പറഞ്ഞത് ആ വിധി നടപ്പാക്കുകയാണ് ചെയ്യുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.199ല്‍ സ്ത്രീപ്രവേശനം നിയന്ത്രിച്ച ഹൈക്കോടതി വിധി വന്നപ്പോഴും ആ വിധി നടപ്പാക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.
ജനാധിപത്യ സമ്പ്രദായവും നിയമവാഴ്ച്ചയും നിലനില്‍ക്കുന്ന രാജ്യമാണിത്.വിശ്വാസികള്‍ക്ക് എല്ലാവിധ സംരക്ഷണവും കൊടുക്കുക എന്നതാണ് സര്‍ക്കാരിന്റെ കടമ.ശബരിമലയുടെ യശസ്സ് ഉയര്‍ത്താന്‍ ആവശ്യമായ ക്രമീകരണങ്ങളെല്ലാം നടത്തിവരികയാണ്.
സര്‍വകക്ഷിയോഗത്തില്‍ സര്‍ക്കാര്‍ നടത്തിയ അഭ്യര്‍ത്ഥന സ്ത്രീപ്രവേശനത്തില്‍ ഒരു ക്രമീകരണം ഉണ്ടാക്കാം എന്നതായിരുന്നു.ഓണ്‍ലൈന്‍ ബുക്കിംഗില്‍ പ്രത്യേക ദിവസങ്ങള്‍ മാറ്റിവെയ്ക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ബന്ധപ്പെട്ട ആളുകളുമായി ആലോചിച്ച് തീരുമാനിക്കാം എന്ന് പറഞ്ഞ് യോഗം അവസാനിച്ചു.എന്നാല്‍ അത് കേള്‍ക്കാന്‍ നില്‍ക്കാതെ പ്രതിപക്ഷം ഇറങ്ങിപ്പോയി.
ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മൗലികാവകാശങ്ങള്‍ ലംഘിക്കാനുള്ളതല്ല.വിശ്വാസമാണ് മൗലികാവകാശമല്ല വലുത് എന്ന നിലപാട് ഒരു സര്‍ക്കാരിന് സ്വീകരിക്കാനാകില്ല.എന്നാല്‍ ഇത് അംഗീകരിക്കാന്‍ സാധിക്കില്ല എന്നതായിരുന്നു പ്രതിപക്ഷവും ബിജെപിയും സ്വീകരിച്ച നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു.