കൊച്ചി:ശബരിമലയില്‍ ദര്‍ശനത്തിനെത്തി പ്രതിഷേധത്തെതുടര്‍ന്ന് മടങ്ങിയ രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തളളി.മതവികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിലാണ് രഹ്ന ഫാത്തിമ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. രഹ്നക്കെതിരായ കേസില്‍ പൊലീസ് നടപടികളുമായി മുന്നോട്ട് പോകാമെന്നും കോടതി അറിയിച്ചു.
ശബരിമല സ്ത്രീപ്രവേശന വിധിയെത്തുടര്‍ന്ന് കറുപ്പുടുത്തു മാലയിട്ട് രഹ്ന ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രം മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി രഹ്നയ്ക്കെതിരെ നിരവധി പരാതികള്‍ ലഭിച്ചതിനെത്തുടര്‍ന്ന് പോലീസ് കേസെടുത്തിരുന്നു.
മുസ്ലീം ആചാര പ്രകാരം ജീവിക്കുന്ന വ്യക്തിയല്ലെന്നും അയ്യപ്പ വേഷം ധരിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടത് തെറ്റാണെന്ന് കരുതുന്നില്ലെന്നും രഹ്ന കോടതിയെ അറിയിച്ചിരുന്നു.താന്‍ വിശ്വാസിയാണെന്നും തത്വമസിയില്‍ വിശ്വസിക്കുന്നുവെന്നും രഹ്ന കോടതിയെ അറിയിച്ചപ്പോള്‍ നിങ്ങളുടെ വിശ്വാസം മറ്റൊരു വിശ്വാസിയുടെ വിശ്വാസങ്ങളെ വ്രണപ്പെടുത്തരുതെന്നായിരുന്നു കോടതി ചൂണ്ടിക്കാട്ടിയത്.
അതേസമയം ശബരിമലയിലെ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്ന ആറുപേര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു.
ആന്ധ്രയില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകയ്ക്കൊപ്പമാണ് രഹ്ന ശബരിമല കയറാന്‍ എത്തിയത്.പൊലീസ് സുരക്ഷയില്‍ ഇവര്‍ സന്നിധാനത്തെത്തിയെങ്കിലും പ്രതിഷേധത്തെത്തുടര്‍ന്ന് നടപ്പന്തലില്‍ നിന്ന് മടങ്ങുകയായിരുന്നു.