ന്യൂഡല്‍ഹി: വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാര്‍ രാജിവച്ചു. അറ്റോര്‍ണി ജനറല്‍ സ്ഥാനത്തുനിന്ന് മുകുള്‍ റോഹ്തഗി രാജിവച്ചതിന് പിന്നാലെയാണ് മാസങ്ങള്‍ക്കുശേഷം സോളിസിറ്റര്‍ ജനറലിന്റെയും രാജി.

സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായിരുന്ന രഞ്ജിത് കുമാറിനെ 2014 ജൂണിലാണ് സോളിസിറ്റര്‍ ജനറലായി നിയമിച്ചത്. ബി.ജെ.പിയുടെ നേതൃത്വത്തില്‍ എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ മോഹന്‍ പരാശരന്‍ സോളിസിറ്റര്‍ ജനറല്‍ സ്ഥാനം രാജിവച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് രഞ്ജിത്ത് കുമാര്‍ സുപ്രധാന പദവിയിലെത്തിയത്.

കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് വേണ്ടിയാണ് സോളിസിറ്റര്‍ ജനറല്‍ സ്ഥാനം രാജിവെക്കുന്നതെന്ന് രഞ്ജിത് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.