തിരുവനന്തപുരം:ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികലയെ ശബരിമലയില്‍ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനത്ത് ഹര്‍ത്താല്‍.ശബരിമല കര്‍മ്മസമിതിയും ഹിന്ദു ഐക്യവേദിയുമാണ് ഹര്‍ത്താല്‍ നടത്തുന്നത്.രാവിലെ ആറു മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.
ഇന്നലെ രാത്രി സന്നിധാനത്തേക്ക് പോകാന്‍ ശ്രമിച്ച ശശികലയെ പൊലീസ് മരക്കൂട്ടത്ത് തടഞ്ഞിരുന്നു.പ്രശ്നങ്ങളുണ്ടാക്കാതെ തിരിച്ചു പോകണമെന്ന് പോലീസ് ആവശ്യപ്പെട്ടെങ്കിലും ഇവര്‍ തിരിച്ചു പോകാന്‍ തയാറാകാത്തതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ശശികലയുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷനുമുന്നില്‍ നാമജപപ്രതിഷേധം നടക്കുകയാണ്.
ശബരിമലയിലെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സമര സമിതി നേതാവ് ഭാര്‍ഗവറാമിനെയും ആചാര സംരക്ഷണ സമിതി കണ്‍വീനര്‍ പൃഥിപാലിനെയും മറ്റൊരാളെയും ഇന്നലെ കസ്റ്റഡിലെടുത്തിരുന്നു. കരുതല്‍ തടവിന്റെ ഭാഗമായാണ് കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് അറിയിച്ചു.ഭാര്‍ഗവറാമിനെ പിന്നീട് വിട്ടയച്ചു.
പുലര്‍ച്ചെയോടെ പ്രഖ്യാപിച്ച ഹര്‍ത്താല്‍ സംസ്ഥാനത്തുടനീളം യാത്രക്കാരെ ദുരിതത്തിലാക്കി.ബാലരാമപുരത്ത് ഹര്‍ത്താല്‍ അനുകൂലികള്‍ കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലെറിഞ്ഞു. പലയിടത്തും കെഎസ്ആര്‍ടിസി ബസുകള്‍ക്കുനേരെ ആക്രമണമുണ്ടായതിനെത്തുടര്‍ന്ന് സര്‍വ്വീസ് നിര്‍ത്തിവെച്ചിരിക്കുകയാണ്. അന്തര്‍സംസ്ഥാന സര്‍വീസുകളും നിര്‍ത്തിവച്ചു.ഹര്‍ത്താലിനെത്തുടര്‍ന്ന് ഇന്ന് നടത്താനിരുന്ന സര്‍വകലാശാലാപരീക്ഷകള്‍ മാറ്റിവച്ചു.