കോഴിക്കോട്:സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍ മാസ്റ്ററുടെ മകന്‍ ജൂലിയസ് നികിതാസിനേയും ഭാര്യ സാനിയോ മനോമിയേയും ഹര്‍ത്താല്‍ അനുകൂലികള്‍ മര്‍ദിച്ചു.ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടറാണ് സാനിയോ. ഇന്ന് രാവിലെ 11 മണിയോടെയാണ് കുറ്റ്യാടി കക്കട്ട് അമ്പലക്കുളങ്ങരയില്‍ വച്ച് ഇവര്‍ക്ക് നേരെ ആക്രമണമു
ണ്ടായത്.
പാലേരിയിലുള്ള സാനിയോയുടെ വീട്ടില്‍ നിന്ന് ജൂലിയസിന്റെ അമ്പലക്കുളങ്ങരയിലെ വീട്ടിലേക്ക് പോകുംവഴിയാണ് ഇവരെ ഹര്‍ത്താലനുകൂലികള്‍ ആക്രമിച്ചത്.അമ്പലക്കുളങ്ങര വച്ച് പത്തിലേറെ പേര്‍ കാറിനുമുന്നില്‍ ചാടിവീണ് തടഞ്ഞുനിര്‍ത്തി ഇരുവരേയും കാറിന് പുറത്തേക്ക് വലിച്ചിട്ടായിരുന്നു മര്‍ദ്ദനം. മര്‍ദ്ദനത്തില്‍ ജൂലിയാസിന്റെ മൂക്കിന്റെ പാലം തകര്‍ന്നു. സാനിയോയുടെ നെഞ്ചിലും അടിവയറ്റിലും ചവിട്ടേറ്റിട്ടുണ്ട്.തുടര്‍ന്ന് ഇരുവരെയും കുറ്റ്യാടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു.
മെഡിക്കല്‍ കോളേജിലേക്കു പോകുംവഴി ഇവരെ അക്രമികള്‍ പിന്‍തുടര്‍ന്ന് വീണ്ടും ആക്രമിച്ചു.വാഹനത്തിന് നേരെ കല്ലേറും നടന്നു.പോലീസ് അകമ്പടിയോടെയാണ് പോയതെങ്കിലും ഇടപെട്ടില്ലെന്ന് ആക്ഷേപമുണ്ട്.