സന്നിധാനം:പോലീസ് മുന്നോട്ടുവെച്ച ഉപാധികള്‍ അംഗീകരിച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല സന്നിധാനത്തേക്ക് തിരിച്ചു.സന്നിധാനത്തെത്തിയാല്‍ പ്രശ്നമുണ്ടാക്കില്ലെന്ന് എഴുതിവാങ്ങിയശേഷമാണ് ശശികലയെ പോകാന്‍ അനുവദിച്ചത്.പേരക്കുട്ടിയുടെ ചോറൂണിനായാണ് എത്തിയതെന്ന് ശശികല പറഞ്ഞു.
രാവിലെ എരുമേലിയില്‍ നിന്ന് കെ.എസ്.ആര്.ടി.സി ബസില്‍ പമ്പയിലേക്ക് തിരിച്ച ശശികലയെ നിലയ്ക്കലില്‍ വച്ച് എസ്.പി.യതീഷ്ചന്ദ്രയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തടയുകയായിരുന്നു. ബസില്‍ കയറിയ എസ്പി സന്നിധാനത്തേക്ക് പോകാന്‍ തടസമില്ലെന്നും എന്നാല്‍ അവിടെ എത്തിയാല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കില്ലെന്ന് ഉറപ്പ് നല്‍കണമെന്നും ആവശ്യപ്പെട്ടു.തുടര്‍ന്ന് ഇക്കാര്യം രേഖാമൂലം എഴുതി നല്കിയ ശേഷമാണ് ശശികലയെ പോകാന്‍ അനുവദിച്ചത്.വൈകുന്നേരം തിരിച്ചെത്താമെന്ന് ശശികല ഉറപ്പ് നല്‍കിയിട്ടുണ്ട്.
താന്‍ രാഷ്ട്രീയകാര്യങ്ങളൊന്നും സംസാരിക്കില്ലെന്നും പേരക്കുട്ടിയുടെ ചോറൂണിനെത്തിയതാണെന്നും ശശികല പറഞ്ഞു. കൂടുതല്‍ കാര്യങ്ങള്‍ ശബരിമലയിലെത്തിയശേഷം മാധ്യമങ്ങളോട് പറയുമെന്നും ശശികല അറിയിച്ചു. എന്നാല്‍ പ്രകോപനരമായ പരാമര്‍ശങ്ങള്‍ നടത്തരുതെന്നും മാധ്യമങ്ങളോട് സംസാരിക്കരുതെന്നും ശശികലയ്ക്ക് പോലീസിന്റെ നിര്‍ദേശമുണ്ട്.
ഭക്തരുടെ സൗകര്യങ്ങളാണ് പൊലീസിന് പ്രധാനം. ഞങ്ങള്‍ പാര്ട്ടിക്കാര് മാത്രം സന്നിധാനത്ത് പോയി തമ്പടിക്കും മറ്റുള്ളവര്‍ അങ്ങോട്ട് വരേണ്ട എന്നൊക്കെ പറയുന്നത് എങ്ങനെ അംഗീകരിക്കാനാകുമെന്നും എസ്.പി.യതീഷ്ചന്ദ്ര ശശികലയുടെ സാന്നിധ്യത്തില്‍ ചോദിച്ചു. സന്നിധാനത്തേക്ക് പോകുന്നതിന് ഭക്തര്‍ക്ക് യാതൊരു വിധ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടില്ല. ആയിരക്കണക്കിന് ഭക്തന്മാര് ഒരു പ്രശ്നവുമില്ലാതെ സന്നിധാനത്തേക്ക് പോകുന്നില്ലേ, ഇതില്‍ ചിലരെ മാത്രം തടയുന്നത് എന്തിനാണെന്ന് സാമാന്യ യുക്തിയുള്ളവര്‍ക്ക് മനസിലാകുമെന്നും എസ്പി വിശദീകരിച്ചു.