തിരുവനന്തപുരം:ശബരിമലയില്‍ തങ്ങളുടെ നേട്ടങ്ങള്‍ക്ക് വേണ്ടി ചില അജണ്ടകള്‍ നടപ്പിലാക്കാനാണ് സംഘപരിവാര്‍ സംഘടനകള്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.സന്നിധാനത്ത് നാമജപ പ്രതിഷേധം നടത്തിയത് ഭക്തിയുടെ ഭാഗമല്ലെന്നും പൊലീസ് നടപടി സ്വാഭാവികമാണെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ആചാര സംരക്ഷകരെന്ന് അവകാശപ്പെടുന്നവര്‍ തന്നെ ആചാരങ്ങള്‍ ലംഘിക്കുന്നെന്നും ശബരിമല തങ്ങളുടെ കൈപ്പിടിയില്‍ ഒതുക്കാനാണ് ഹരിവരാസനം പാടി നടയടച്ചതിന് ശേഷം ആസൂത്രിതതമായി പ്രതിഷേധം സംഘടിപ്പിച്ചതെന്നും മുഖ്യമന്ത്രി ആരോപിച്ചു.
ഭക്തരാണെന്നവകാശപ്പെട്ട് രംഗത്തെത്തിയവരെല്ലാം ആര്.എസ്.എസിന്റെ പ്രമുഖ നേതാക്കളാണെന്ന് അവരുടെ പേരെടുത്ത് പറഞ്ഞ് മുഖ്യമന്ത്രി വ്യക്തമാക്കി.കോണ്‍ഗ്രസുകാരും ആര്.എസ്.എസ് നിലപാടിനൊപ്പം നില്‍ക്കുന്നത് ദൗര്‍ഭാഗ്യകരമാണ്.
ശബരിമലയില്‍ പ്രതിഷേധമുണ്ടായപ്പോള്‍ പൊലീസ് പരമാവധി സംയമനം പാലിച്ചു.ജനാധിപത്യ മൂല്യങ്ങളെ തകര്‍ക്കുന്ന നിലയിലെത്തിയപ്പോഴാണ് ഇടപെട്ടത്.ശബരിമലയില്‍ സംഘര്‍ഷമുണ്ടാക്കണമെന്ന ലക്ഷ്യത്തോടെ ഓരോ മണ്ഡലത്തില്‍ നിന്നും പരമാവധി പ്രവര്‍ത്തകരെ എത്തിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ഒപ്പിട്ട ഒരു സര്‍ക്കുലര്‍ ഇറക്കി.ഇക്കൂട്ടര്‍ ഭക്തരല്ലെന്ന് നാട്ടുകാര്‍ക്ക് മനസിലാകും.ശബരിമലയെ പിടിച്ചടക്കാനുള്ള കര്‍സേവകരായിട്ടാണ് ഇവരെത്തുന്നത്.സര്‍ക്കുലര്‍ പുറത്തായതോടെ സംഘപരിവാറിന്റെ ഗൂഢപദ്ധതി പുറത്തായെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനെതിരെയല്ല മറിച്ച് കമ്യൂണിസ്റ്റുകാര്‍ക്കെതിരെയാണ് തങ്ങളുടെ സമരമെന്ന് കഴിഞ്ഞ ദിവസം ശ്രീധരന്‍പിള്ള കഴിഞ്ഞ ദിവസം പറഞ്ഞു.ബി.ജെ.പിയുടെ രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടി പാവം അയ്യപ്പഭക്തന്മാരെ ബലിയാടാക്കാരുതെന്നും സര്‍ക്കാരിനെതിരെ സമരം ചെയ്യാന്‍ വേറെ വേദികളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.ശബരിമലയില്‍ കാണിക്കയിടരുതെന്ന് ആഹ്വാനം ചെയ്യുന്നവര്‍ തന്നെയാണ് ശബരിമലയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുന്നത്. ബി.ജെ.പിയുടെയും കോണ്‍ഗ്രസിന്റെയും കേന്ദ്രനേതാക്കള്‍ സുപ്രീം കോടതി വിധിക്ക് അനുകൂലമാണ്.എന്നാല്‍ കേരളത്തില്‍ മാത്രമാണ് ചിലര്‍ക്ക് പ്രശ്നം.
കേരളത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കം നേരത്തെ തന്നെ സംഘപരിവാറുകാര്‍ തുടങ്ങിയിരുന്നു.എന്നാല്‍ കേരളം ഒറ്റക്കെട്ടായി നിന്നാണ് അതിനെ നേരിട്ടത്.ശബരിമലയില്‍ പോകാന്‍ തയ്യാറായി യുവതികള്‍ വന്നാല്‍ നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെയേ സുരക്ഷ നല്കാന് കഴിയൂ. സര്‍ക്കാര്‍ ആരെയും നിര്‍ബന്ധിച്ച് ശബരിമലയില്‍ പ്രവേശിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.