തിരുവനന്തപുരം:ശബരിമല സന്നിധാനത്ത് നിരോനാജ്ഞ ലംഘിച്ച് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയതിനെ തുടര്‍ന്ന് അറസ്റ്റിലായ ആര്.എസ്.എസ് നേതാവിനെ ജോലിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു.ശബരിമല കര്‍മസമിതി കണ്‍വീനറും എറണാകുളത്തെ ആര്‍എസ്എസ് സംഘടനാ ചുമതലയുമുള്ള രാജേഷിനെയാണ് ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തത്.ഇയാള്‍ മലയാറ്റൂര്‍ ആയുര്‍വേദ ഡിസ്പെന്‍സറിയിലെ സെക്കന്റ് ഗ്രേഡ് ഫാര്‍മസിസ്റ്റാണ്.
സര്‍ക്കാര്‍ സര്‍വ്വീസിലിരിക്കുന്ന ഉദ്യോഗസ്ഥന് സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനം നടത്തുകയും ക്രമസമാധാന നില തകര്‍ക്കും വിധം പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് ഗുരുതരമായ കുറ്റമാണ്.അതിനാല്‍ വകുപ്പ് മേധാവിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലും സര്‍വ്വീസ് ചട്ടം അനുസരിച്ചുമാണ് സസ്പെന്ഷന് ഉത്തരവെന്ന് ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര് ഉഷ ഉത്തരവില്‍ പറയുന്നു.
കഴിഞ്ഞദിവസം സന്നിധാനത്ത് നടയടച്ച ശേഷം സംഘര്‍ഷമുണ്ടാക്കിയത് രാജേഷിന്റെ നേതൃത്വത്തിലായിരുന്നു. നിരോധനാജ്ഞ ലംഘിച്ച് സംഘം ചേര്‍ന്ന് ക്രമസമാധാനം തകര്‍ക്കുകയും പൊലീസിന്റ കൃത്യ നിര്‍വഹണം തടസപ്പെടുത്തുകയും ചെയ്തതിനാണ് ഇയാള്‍ അറസ്റ്റിലായത്. പത്തനംതിട്ട മുന്‍സിഫ് കോടതി 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്ത രാജേഷ് ഇപ്പോള്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ്. ചിത്തിര ആട്ടവിശേഷത്തിന് ശബരിമലയിലെത്തിയ തൃശൂര്‍ സ്വദേശിനിയായ 52കാരിയെ ആക്രമിച്ചതിന് നേതൃത്വം നല്കിയതും രാജേഷായിരുന്നു.