ചെന്നെ:വയനാട് എംപിയും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമായ എംഐ ഷാനവാസ് (67) അന്തരിച്ചു.പുലര്‍ച്ചെ ഒന്നരയോടെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
കരള്‍ രോഗത്തെത്തുടര്‍ന്ന് കഴിഞ്ഞ മാസം 31നാണ് ഷാനവാസിനെ ക്രോംപേട്ടിലെ ഡോ.റേല മെഡിക്കല്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ പ്രവേശിപ്പിച്ചത്.നവംബര്‍ രണ്ടിന് അദ്ദേഹത്തിനു കരള്‍മാറ്റ ശസ്ത്രക്രിയ നടത്തിയിരുന്നു.ശസ്ത്രക്രിയ വിജയമായിരുന്നെങ്കിലും പിന്നീടുണ്ടായ അണുബാധയാണ് അദ്ദേഹത്തിന്റെ മരണത്തിന് കാരണമായത്.
മൃതദേഹം ഉച്ചയോടെ വിമാനത്തില്‍ കൊച്ചിയിലേക്കു കൊണ്ടുപോകും.എറണാകുളത്തെ വസതിയിലായിരിക്കും പൊതു ദര്‍ശനം.സംസ്കാരം നാളെ എറണാകുളം തൊട്ടതുമ്പടി പള്ളിയില്‍ നടക്കും.
തിരുവല്ല നീരേറ്റുപുറം മുക്കാട്ടുപറമ്പില്‍ അഡ്വ. എം.വി. ഇബ്രാഹിംകുട്ടിയുടേയും നൂര്ജഹാന് ബീഗത്തിന്റേയും മകനായി 1951 സെപ്തംബര്‍ 22 ന് കോട്ടയത്താണ് ഷാനവാസ് ജനിച്ചത്.കോഴിക്കോട് ഫാറൂഖ് കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ എം.എയും എറണാകുളം ലോ കോളജില്‍ നിന്ന് എല്‍.എല്‍.ബിയും നേടി.കെ.എസ്.യുവിലൂടെ രാഷ്ട്രീയത്തിലെത്തി.യൂത്ത് കോണ്‍ഗ്രസ്, സേവാദള്‍ തുടങ്ങിയ സംഘടനകളുടെയും ചുമതല വഹിച്ചു.കോണ്‍ഗ്രസില്‍ കരുണാകരപക്ഷത്തു നിന്ന് തിരുത്തല്‍വാദികളായി രംഗത്തുവന്ന മൂന്നു നേതാക്കളില്‍ ഒരാളായിരുന്നു.1972ല്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയന് ചെയര്മാന്,1978ല്‍ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ്,1983ല്‍ കെപിസിസി ജോയിന്റ് സെക്രട്ടറി,1985ല്‍ കെപിസിസി വൈസ് പ്രസിഡന്റ് എന്നീ നിലകള്‍ വഹിച്ചു.
1987 ലും 1991 ലും വടക്കേക്കരയിലും 1996 ല്‍ പട്ടാമ്പിയിലും നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലും 1999 ലും 2004 ലും ചിറയിന്‍കീഴ് ലോക്സഭമണ്ഡലത്തിലും മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.2009 -ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷത്തിനാണ് വയനാട്ടില്‍ നിന്ന് ഷാനവാസ് വിജയിച്ചത്.എ റഹ്മത്തുള്ളയെ 1,53,439 വോട്ടുകള്‍ക്കാണ് അദ്ദേഹം തോല്‍പ്പിച്ചത്.2014 തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്റെ സത്യന് മൊകേരിയെ തോല്‍പ്പിച്ചു.
2010 ലാണ് അദ്ദേഹം രോഗബാധിതനായത്.തുടര്‍ന്ന് കുറച്ചുനാളത്തേക്ക് സജീവരാഷ്ട്രീയത്തില്‍നിന്നു മാറിനിന്നു.എന്നാല്‍ മരിക്കുമെന്നു ഡോക്ടര്‍മാര്‍ വിധിച്ച രോഗത്തെ അസാധ്യമായ മനക്കരുത്തോടെ അതിജീവിച്ചുകൊണ്ട് അദ്ദേഹം പൊതുജീവിതത്തിലേക്കു തിരിച്ചെത്തുകയായിരുന്നു.2014ലെ തിരഞ്ഞെടുപ്പില്‍ 20870 വോട്ടുകള്‍ക്ക് വിജയം ആവര്‍ത്തിച്ചു.എല്‍ഡിഎഫിന്റെ സത്യന് മൊകേരിയെയാണ് അന്ന് അദ്ദേഹം പരാജയപ്പെടുത്തിയത്.ഭാര്യ :ജുബൈരി.മക്കള്‍ :അമിന, ഹസീബ്.മരുമക്കള്‍:എ.പി.എ. മുഹമ്മദ് ഹനീഷ് (മാനേജിങ് ഡയറക്ടര്‍ കെഎംആര്‍എല്‍), തെസ്ന.