കൊച്ചി:ശബരിമലയില്‍ ശരണമന്ത്രം ചൊല്ലുന്നത് തടയരുതെന്നും ഭക്തര്‍ക്ക് ഒറ്റയായോ കൂട്ടമായോ പോകാമെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കി.ശബരിമലയിലെ നിയന്ത്രണങ്ങള്‍ നീക്കണമെന്ന ഹൈക്കോടതി നിര്‍ദേശം എന്തുകൊണ്ട് പാലിക്കപ്പെട്ടില്ലെന്നും എ.ജിയോട് ഹൈക്കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ വെള്ളിയാഴ്ച വിശദീകരണം നല്‍കണം.നിരോധനാജ്ഞ പുറപ്പെടുവിക്കാന്‍ ആധാരമായ രേഖകളും ഉത്തരവുകളും ഹാജരാക്കണമെന്ന് ജില്ലാ കളക്ടറോടും കോടതി നിര്‍ദ്ദേശിച്ചു.ശബരിമലയിലെ നിരോധനാജ്ഞ നീക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു കോടതി.
ഐജി വിജയ് സാക്കറെയ്ക്കും എസ്പി യതീഷ് ചന്ദ്രയ്ക്കുമെതിരെ അതിരൂക്ഷമായ വിമര്‍ശനമാണ് കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്. ക്രിമിനല്‍ കേസുകളില്‍ അടക്കം പ്രതിയായ ഉദ്യോഗസ്ഥരെയാണോ ശബരിമലയില്‍ സുരക്ഷാ ചുമതലയ്ക്ക് നിയോഗിച്ചിരുന്നത്.ഇവരെ എന്തിന് നിയോഗിച്ചുവെന്ന് സര്‍ക്കാര്‍ മറുപടി പറയണമെന്നും രണ്ട് ഉദ്യോഗസ്ഥരുടെയും വിശദാംശങ്ങള്‍ ഹാജരാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.ശബരിമലയില്‍ നിയോഗിക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മലയാളം എഴുതാനും വായിക്കാനും അറിയില്ലേയെന്നും ഡി.ജി.പി നല്കിയ സര്‍ക്കുലര്‍ ഇവര്‍ വായിച്ചു മനസിലാക്കാത്തതെന്താണെന്നും കോടതി ചോദിച്ചു. മണ്ഡലകാലത്ത് സംഘര്‍ഷമുണ്ടാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ശബരിമലയില്‍ നിരോധനാജ്ഞ നടപ്പിാക്കിയതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.യഥാര്‍ത്ഥ വിശ്വാസികളെ പ്രതിഷേധക്കാര്‍ തടഞ്ഞതിനാലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്നും ഐ.ജി.വിജയ് സാഖറെ കോടതിയെ അറിയിച്ചു.സന്നിധാനത്ത് ശരണം വിളിക്കുന്നതിന് തടസമൊന്നുമില്ലെന്നും യഥാര്‍ത്ഥ ഭക്തര്‍ ഒരു പ്രശ്നവുമില്ലാതെ ദര്‍ശനം നടത്തി തിരിച്ച് പോകുന്നുവെന്നും ഐ.ജി അറിയിച്ചു.
അതേസമയം തന്നെ ശബരിമലയില്‍ സംഘടിക്കാനായി ബിജെപി ഇറക്കിയ സര്‍ക്കുലറിനെയും കോടതി പരാമര്‍ശിച്ചു. ഇവര്‍ ശബരിമലയിലേക്ക് കൊണ്ടുവരാന്‍ ആവശ്യപ്പെട്ട സഞ്ചിയില്‍ എന്തൊക്കെയാണുള്ളതെന്ന് പോലീസ് അന്വേഷിക്കണമെന്നും കോടതി പറഞ്ഞു.