ശ്രീനഗര്‍:രാഷ്ട്രപതി ഭരണമുള്ള ജമ്മു കാശ്മീരില്‍ നിയമസഭ പിരിച്ചു വിട്ടു ഗവര്‍ണര്‍ ഉത്തരവിറക്കി.പിഡിപിയും നാഷണല്‍ കോണ്‍ഫറന്‍സും കോണ്‍ഗ്രസ് പാര്‍ട്ടിയും ചേര്‍ന്ന് ജമ്മു കശ്മീരില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ നീക്കം തുടങ്ങിയതിന് പിന്നാലെയാണ് ഗവര്‍ണറുടെ നടപടി.സര്‍ക്കാര്‍ രൂപീകരണത്തിന് അവസരം തേടി മെഹബൂബ മുഫ്തി കത്ത് നല്‍കിയിരുന്നു. ഗവര്‍ണര്‍ സത്യപാല്‍ നായികിന്റെ നടപടിയെ ചോദ്യം ചെയ്ത് കോടതിയെ സമീപിക്കാനാണ് രാഷ്ട്രീയ കക്ഷികളുടെ തീരുമാനം.അഞ്ച് മാസമായി സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലാണ്.
ജമ്മുകശ്മീര്‍ പീപ്പിള്‍ കോണ്‍ഫറന്‍സ് നേതാവ് സജാദ് ലോണും സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച് രംഗത്തു വന്നിരുന്നു.ബിജെപിയുടെ പിന്തുണയോടെയാണ് സജാദ് ലോണിന്റെ നീക്കം.87 അംഗ കശ്മീര്‍ നിയമസഭയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ 44 അംഗങ്ങളുടെ പിന്തുണ വേണം.കോണ്‍ഗ്രസ്-നാഷണല്‍ കോണ്‍ഫറന്‍സ്- പിഡിപി സഖ്യത്തിന് 54 എംഎല്‍എമാരുടെ പിന്തുണയുണ്ട്.
25 അംഗങ്ങളുള്ള ബി.ജെ.പി പിന്തുണ പിന്‍വലിച്ചതോടെയാണ് ജൂണ്‍ 19ന് മെഹ്ബൂബ മുഫ്തി സര്‍ക്കാര്‍ രാജിവച്ചത്.രണ്ട് നാമനിര്‍ദേശ അംഗങ്ങള്‍ അടക്കം 89 പ്രതിനിധികളുള്ള ജമ്മു കാശ്മീര്‍ നിയമസഭയില്‍ പി.ഡി.പിക്ക് 28 അംഗങ്ങളുണ്ട്.നാഷണല്‍ കോണ്‍ഫറന്‍സ് 15, കോണ്‍ഗ്രസ് 12, ജെ.കെ.പി.സി 2, സി.പി.എം, ജെ.കെ.പി.ഡി.എഫ് എന്നിവര്‍ക്ക് ഒന്ന് വീതം, മൂന്ന് സ്വതന്ത്രര്‍ എന്നിങ്ങനെയാണ് പ്രതിനിധികള്‍.