തിരുവനന്തപുരം:സംഗീതജ്ഞന്‍ ബാലഭാസ്‌കറിന്റെ അപകടമരണം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പോലീസിനോട് നിര്‍ദേശിച്ചു. മകന്റെ മരണത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ബാലഭാസ്‌കറിന്റെ പിതാവ് സി.കെ.ഉണ്ണി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു.ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നു.
പ്രധാനമായും ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയും ഡ്രൈവര്‍ അര്‍ജുനും പോലീസിനു നല്‍കിയ മൊഴികളിലെ വൈരുദ്ധ്യമാണ് ദുരൂഹതയ്ക്കിടയാക്കുന്നത്.അപകടസമയത്ത് ഡ്രൈവര്‍ അര്‍ജുനാണ് വണ്ടിയോടിച്ചിരുന്നതെന്നും ബാലഭാസ്‌കര്‍ പിന്‍സീറ്റില്‍ വിശ്രമിക്കുകയായിരുന്നെന്നുമാണ്് ലക്ഷ്മിയുടെ മൊഴി.എന്നാല്‍ അപകടസമയത്ത് കാര്‍ ഓടിച്ചിരുന്നത് ബാലഭാസ്‌കര്‍ ആയിരുന്നെന്നാണ് ഡ്രൈവര്‍ അര്‍ജുന്‍ മൊഴി നല്‍കിയത്.കൊല്ലത്തെത്തി വിശ്രമിച്ച ശേഷം ബാലഭാസ്‌കറാണ് കാര്‍ ഓടിച്ചതെന്നാണ് അര്‍ജുന്‍ പറഞ്ഞത്.
ഇരുവരുടേയും മൊഴികളിലെ വൈരുദ്ധ്യത്തെക്കുറിച്ച് അന്വേഷിക്കണമെന്നാണ് ബാലഭാസ്‌കറിന്റെ കുടുംബത്തിന്റെ ആവശ്യം.സെപ്തംബര്‍ 25 നായിരുന്നു ബാലഭാസ്‌കറുടേയും മകള്‍ തേജസ്വിനി ബാലയുടേയും മരണത്തിനിടയാക്കിയ അപകടം നടന്നത്.