തിരുവനന്തപുരം:ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് രാജിവച്ചു.രാവിലെ ക്ലിഫ് ഹൗസില്‍ എത്തി മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറി.പകരം മന്ത്രിയാകുന്ന കെ കൃഷ്ണന്‍കുട്ടിയുടെ സത്യപ്രതിജ്ഞാ തീയ്യതിയും ഇന്ന് തീരുമാനിക്കും.
അതേസമയം, മന്ത്രിസ്ഥാനം രാജിവച്ചെങ്കിലും താന്‍ പാര്‍ട്ടിയോ മുന്നണിയോ വിടില്ലെന്നു മാത്യു ടിതോമസ് പറഞ്ഞു. സോഷ്യലിസ്റ്റുകളുടെ സ്ഥാനം ഇടത് മുന്നണിയിലാണ്. പ്രതിസന്ധി കാലത്ത് പോലും ഇടത് മുന്നണിയില്‍ പിടിച്ചുനിന്നയാളാണ് താന്‍.ഒരിക്കലും വലത്തേക്ക് ചരിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.ഒരു ഉപാധിയും മുന്നോട്ട് വെച്ചിട്ടില്ല.ഇക്കാര്യത്തെച്ചൊല്ലി പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാകില്ലെന്നും മാത്യു ടിതോമസ് പറഞ്ഞു.
മന്ത്രിയെന്ന നിലയില്‍ നല്ല കാര്യങ്ങള്‍ ചെയ്യാന്‍ പറ്റിയെങ്കിലും പൂര്‍ണ തൃപ്തനല്ല.കുറച്ച് കൂടി കാര്യങ്ങള്‍ ചെയ്യാന്‍ താത്പര്യമുണ്ടായിരുന്നു. കേരളത്തിലെ ഒരു വലിയ പ്രളയവും വരള്‍ച്ചയും തന്റെ കാലയളവില്‍ നേരിടാനായത് നല്ലകാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്ച ബംഗ്‌ളൂരുവില്‍ ദേവഗൗഡയുടെ നേതൃത്വത്തില്‍ നടന്ന് ഉന്നതതല ചര്‍ച്ചയിലാണ് മന്ത്രിയെ മാറ്റാന്‍ തീരുമാനിച്ചത്. പകരം മന്ത്രിസ്ഥാനത്തെത്തുന്ന കെ.കൃഷ്ണന്‍കുട്ടിയുടെ സത്യപ്രതിജ്ഞ ഉടനുണ്ടാവും.