തിരുവനന്തപുരം: ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ
ലൈംഗീകാതിക്രമ പരാതിയില്‍  ഷൊര്‍ണ്ണൂര്‍ എംഎല്‍എ  പി കെ.ശശിയെ സിപിഎമ്മിന്റെ  പ്രാഥമികാംഗത്വത്തില്‍നിന്നും  ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. സിപിഎം സംസ്ഥാന സമിതിയാണ് നടപടിയെടുത്തത്. എന്നാല്‍ പെണ്‍കുട്ടിയുടെ ലൈംഗീകാരോപണമെന്ന പരാതി അന്വേഷണ കമ്മിഷന്‍ പൂര്‍ണമായും തള്ളി. ഫോണിലൂടെ അപമാനിച്ചെന്ന കാരണത്തിനാണ് ശശിക്കെതിരെ നടപടി എടുത്തത്. ശശിയെ പാര്‍ട്ടിയില്‍ നിന്നും തരംതാഴ്ത്തുക എന്ന കുറഞ്ഞ ശിക്ഷയായിരിക്കും നല്‍കുന്നതെന്നായിരുന്നു സൂചനകള്‍.പാര്‍ട്ടിക്കുള്ളില്‍ തന്നെ ശശിക്കെതിരെ നടപടിയുണ്ടാവാത്തതില്‍ അമര്‍ഷമുണ്ടായിരുന്നു. ഒടുവിലായി ശശിക്കെതിരായ നടപടി വൈകുന്നതില്‍ വിഎസ് അച്യുതാനന്ദന്‍ കേന്ദ്രനേതൃത്വത്തെ അതൃപ്തി അറിയിച്ചിരുന്നു.                                                                പികെ ശശി അപമര്യാദയായി പെരുമാറിയെന്നായിരുന്നു ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ പരാതി.ഡിവൈഎഫ്‌ഐ സമ്മേളനത്തിനിടെ ശശി ലൈംഗികച്ചുവയോടെ സംസാരിക്കുകയും വഴങ്ങിക്കൊടുക്കാന്‍ ആവശ്യപ്പെട്ടുവെന്നും പരാതിയിലുണ്ട്. എന്നാല്‍ ആരോപണങ്ങള്‍ തള്ളിക്കൊണ്ട് പികെ ശശി രംഗത്ത് വന്നിരുന്നു.
ആദ്യം യുവതി പ്രാദേശിക നേതൃത്വത്തിന് പരാതി നല്‍കിയെങ്കിലും  നടപടിയുണ്ടാകാത്തതിനെത്തുടര്‍ന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാകാരാട്ടിന് പരാതി അയച്ചു. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും  ബൃന്ദാകാരാട്ടും പരാതിയില്‍ അനങ്ങാതിരുന്നതിനെത്തുടര്‍ന്ന്  സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് യുവതി പരാതി നല്‍കുകയായിരുന്നു.യെച്ചൂരിയുടെ ഇടപെടലാണ് ശശിക്കെതിരായ അന്വേഷണത്തിന് വഴി തെളിച്ചത്.പികെ ശ്രീമതിയും എകെ ബാലനുമായിരുന്നു അന്വേഷണക്കമ്മീഷന്‍.