പത്തനംതിട്ട:സംഘര്‍ഷ സാദ്ധ്യത നിലനില്‍ക്കുന്നതിനാല്‍ ശബരിമലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ഈ മാസം 30വരെ നീട്ടി.ശബരിമലയില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ തുടരുമെന്ന് എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റും പോലീസും നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ചാണ് കളക്ടറുടെ ഉത്തരവ്.സന്നിധാനം, പമ്പ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ.
അതേസമയം പമ്പയില്‍ എത്തിയ രണ്ട് ബി.ജെ.പി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം എം.ബി രാജഗോപാലിനൊപ്പം എത്തിയ ജയന്‍, രാജ്‌മോഹന്‍ എന്നിവരാണ് അറസ്റ്റിലായത്. എം.ബി രാജഗോപാലിനെ നിലയ്ക്കലില്‍ വച്ച് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ക്രമസമാധാനം തകര്‍ക്കില്ല എന്ന നിര്‍ദ്ദേശമടങ്ങിയ നോട്ടീസില്‍ ഇയാള്‍ ഒപ്പിടാന്‍ തയ്യാറാകാത്തതിനെത്തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്. രാജഗോപാലിനെതിരെ മൂന്ന് ക്രമിനല്‍ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായവരെ എരുമേലി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.