കണ്ണൂര്‍:കീഴാറ്റൂര്‍ ബൈപ്പാസിന്റെ അലൈന്‍മെന്റില്‍ മാറ്റമില്ലെന്ന് കേന്ദ്രസര്‍ക്കാരിന്റെ അന്തിമ വിജ്ഞാപനം.കീഴാറ്റൂര്‍ വയലിലൂടെ തന്നെ റോഡ് പോകുമെന്നാണ് ഏറ്റെടുത്ത ഭൂമിയുടെ വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.രേഖകളുമായി ഉടമകള്‍ ഹാജാരാകാനാണ് നിര്‍ദ്ദേശം.ജനുവരി 11 വരെയാണ് രേഖകളുമായി ഹാജരാകാനുള്ള സമയം.
കീഴാറ്റൂരില്‍ വയല്‍ നികത്തി റോഡ് നിര്‍മ്മിക്കുന്നതിനെതിരെ ശക്തമായ സമരം നടന്നിരുന്നു.വയല്‍ക്കിളി സമരം എന്നപേരില്‍ നടന്ന പ്രതിഷേധത്തെ തകര്‍ക്കാന്‍ സിപിഎം രംഗത്തിറങ്ങിയെങ്കിലും ബിജെപിയടക്കമുള്ള രാഷ്ട്രീയ കക്ഷികള്‍ സമരത്തിനു പിന്‍തുണ നല്‍കിയിരുന്നു.വയലും തണ്ണീര്‍ത്തടങ്ങളും ഒഴിവാക്കി അലൈന്‍മെന്റ് പുതുക്കണമെന്ന് സമരം നടത്തിയ വയല്‍ക്കിളികളുടെയും ബി.ജെ.പി നേതാക്കളുടെയും ആവശ്യം പരിഗണിച്ച് കീഴാറ്റൂരില്‍ ബദല്‍ പാത സാധ്യത തേടാന്‍ സാങ്കേതിക സമിതിയെ നിയോഗിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
പാത കീഴാറ്റൂരിലൂടെ കടന്ന് പോകുന്നത് പാരിസ്ഥിതികാഘാതം ഉണ്ടാക്കുമെന്നും മറ്റ് ബദലുകള്‍ ഇല്ലെങ്കില്‍ മാത്രമേ ഈ അലൈന്‍മെന്റ് പരിഗണിക്കാവൂ എന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയവും നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.എന്തായാലും കേന്ദ്രത്തിന്റെ വിജ്ഞാപനത്തിലൂടെ ബൈപാസ് കീഴാറ്റൂര്‍ വയലിലൂടെ തന്നെ നിര്‍മ്മിക്കുമെന്നുറപ്പായി.