കൊച്ചി:മുന്‍ പോലീസ് മേധാവി സെന്‍കുമാറിനെ വിടാതെ പണികൊടുത്ത് സര്‍ക്കാര്‍. ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ നമ്പി നാരായണനെ ദ്രോഹിക്കാന്‍ സെന്‍കുമാര്‍ ശ്രമിച്ചുവെന്ന് പരാതിയുണ്ടെന്നാണ് പുതിയ ആരോപണം.സെന്‍കുമാറിനെതിരെ ചുമത്തിയ മൂന്നുകേസുകള്‍ക്ക് അടിസ്ഥാനമില്ലെന്ന് കണ്ട് ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് സര്‍ക്കാര്‍ നമ്പി നാരായണന്‍ വിഷയത്തില്‍ സെന്‍കുമാറിനെതിരെ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.
അഡ്മിനിസ്‌ട്രേറ്റ് ട്രൈബ്യൂണലിലേക്കുള്ള തന്റെ നിയമനം സംസ്ഥാന സര്‍ക്കാര്‍ മനപ്പൂര്‍വം വൈകിപ്പിച്ചെന്നരോപിച്ച് സെന്‍കുമാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്. കേസ് തീര്‍പ്പാകാതെ നിയമനം നടത്താനാകില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.
ചാരക്കേസില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നമ്പി നാരായണന്‍ നല്‍കിയ പരാതിയില്‍ ഏഴാം കക്ഷിയായി ചേര്‍ത്തിരിക്കുന്നത് സെന്‍കുമാറിനെയാണ്. നായനാര്‍ സര്‍ക്കാരിന്റെ കാലത്താണ് നമ്പി നാരായണനെതിരായ കേസ് പുനരന്വേഷിക്കാന്‍ സെന്‍കുമാര്‍ നിയോഗിക്കപ്പെട്ടത്. സര്‍ക്കാര്‍ ഉത്തരവിട്ടത് പ്രകാരമാണ് താന്‍ ഐ.എസ്.ആര്‍.ഒ ചാരക്കേസ് അന്വേഷിച്ചതെന്നും ഉദ്യോഗസ്ഥനെന്ന നിലയില്‍ സര്‍ക്കാര്‍ ഉത്തരവ് അംഗീകരിക്കുകമാത്രമാണ് ചെയ്തതെന്നും സെന്‍കുമാര്‍ പറയുന്നു. എന്നാല്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ച് തുടരന്വേഷണത്തിന് അനുമതി വാങ്ങിയത് സെന്‍കുമാറാണെന്നാണ് സര്‍ക്കാര്‍ വാദം.