കൊച്ചി:ശബരിമല വിഷയത്തില്‍ മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ നടിയും ആക്റ്റിവിസ്റ്റുമായ രഹ്ന ഫാത്തിമ അറസ്റ്റിലായി. പത്തനംതിട്ട ടൗണ്‍ സി ഐ യുടെ നേതൃത്വത്തിലുള്ള സംഘമാണ് രഹ്നയെ കൊച്ചിയിലെത്തി അറസ്റ്റ് ചെയ്തത്.ശബരിമല അയ്യപ്പ ഭക്തരുടെ വികാരംവ്രണപ്പെടുത്തുന്നതരത്തില്‍ ഫേ്ബുക്കില്‍ പോസ്റ്റിട്ടെന്ന് കാണിച്ച് ബി.ജെ.പി നേതാവ് ആര്‍. രാധാകൃഷ്ണ മേനോന്റെ പരാതിയിലാണ് അറസ്റ്റ്.
ശബരിമല സ്ത്രീപ്രവേശന വിധി വന്നതിനു പിന്നാലെ കറുപ്പുടുത്ത് മാലയിട്ട് അയ്യപ്പഭക്തയുടെ വേഷത്തിലുള്ള ചിത്രം രഹ്ന ഫേസ്ബുക്കില്‍ പോസ്റ്റ് ചെയതിരുന്നു.താന്‍ ശബരിമലയില്‍ പ്രവേശിക്കുമെന്നും അവര്‍ പറഞ്ഞിരുന്നു.തുടര്‍ന്ന് തുലാമാസ പൂജയ്ക്കായി ശബരിമല നട തുറന്ന സമയത്ത് ആന്ധ്രയില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകയ്‌ക്കൊപ്പം ദര്‍ശനം നടത്താന്‍ രഹ്ന ഫാത്തിമ ശ്രമിച്ചെങ്കിലും പ്രതിഷേധത്തെത്തുടര്‍ന്ന് ഇവര്‍ക്ക് മടങ്ങിപ്പോവേണ്ടിവന്നു. അന്ന് ഇവര്‍ക്ക് സംരക്ഷണമൊരുക്കിയ ഐജി ശ്രീജിത്തടക്കം പോലീസ് സേന വലിയ വിമര്‍ശനം നേരിടേണ്ടിവന്നിരുന്നു.
രഹ്നയെ പത്തനംതിട്ടയിലേക്ക് കൊണ്ടുവന്ന് വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. കൊച്ചി ബിഎസ്എന്‍എല്ലില്‍ അസിസ്റ്റന്റ് എന്‍ജിനിയറാണ് രഹ്ന ഫാത്തിമ.കേസില്‍പ്പെട്ടതിനെത്തുടര്‍ന്ന് ബിഎസ്എന്‍എല്‍ രഹ്നയെ സ്ഥലം മാറ്റിയിരുന്നു. ശബരിമലയില്‍ പ്രവേശിക്കാന്‍ പോയതിന്റെ പേരില്‍ ഇവര്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സിനുനേരെയും ആക്രമണമുണ്ടായി.