തിരുവനന്തപുരം:ശബരിമല വിഷയത്തില്‍ തുടക്കംമുതല്‍ ഭക്തര്‍ക്കൊപ്പം നിന്ന് പ്രതിഷേധം നയിക്കുന്ന പിസി ജോര്‍ജ് എംഎല്‍എ ഇന്ന് സഭയിലെത്തിയത് കറുപ്പ് വേഷമിട്ട്.അയ്യപ്പ ഭക്തരോട് തനിക്കുള്ള പിന്തുണ അറിയിക്കാനാണ് കറുപ്പ് വേഷം ധരിച്ചതെന്ന് പി.സി.ജോര്‍ജ് പറഞ്ഞു.ഇന്നു മുതല്‍ നിയമസഭയിലും ബിജെപിയുമായി സഹകരിച്ച് മുന്നോട്ടു പോകുമെന്നും പിസി അറിയിച്ചു.ബിജെപി എംഎല്‍എ ഒ.രാജഗോപാലും അയ്യപ്പവേഷത്തിലാണ് എത്തിയത്.
ശബരിമലയുടെ പരിപാവനത നിലനിര്‍ത്താന്‍ ശക്തമായ നിലപാട് എടുത്തത് ബിജെപിയാണെന്നും കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ വലിയ സത്യസന്ധത കാണിച്ചില്ലെന്നും പിസി പറഞ്ഞു.ശബരിമലയില്‍ ഭക്തരെ അടിച്ചൊതുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഇടതുപക്ഷവുമായി സഹകരിക്കില്ലെന്നും പിസി ജോര്‍ജ് നേരത്തേ പറഞ്ഞിരുന്നു.
ശബരിമല വിഷയത്തില്‍ തുടക്കത്തില്‍ത്തന്നെ പിസി ജോര്‍ജ് പ്രതിഷേധവുമായി ഇറങ്ങിയത് രാഷ്ട്രീയമായിത്തന്നെ വ്യാഖ്യാനിക്കപ്പെട്ടിരുന്നു. ബിജെപിയിലേക്ക് അടുക്കാനുള്ള ശ്രമങ്ങളാണെന്നും പ്രചരണമുണ്ടായിരുന്നു. അതേസമയം തന്നെ പൂഞ്ഞാര്‍ പഞ്ചായത്തില്‍ ബിജെപിയുമായി സഹകരിക്കാന്‍ പിസി ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടി തീരുമാനിച്ചിരുന്നു. ഒടുവില്‍ സഭയിലും ബിജെപിയുമായി സഹകരിച്ചുപോകാനുള്ള തീരുമാനം പുതിയ രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമാണെന്നു കരുതേണ്ടിവരും.