കൊച്ചി:പിറവം പള്ളിയുമായി ബന്ധപ്പെട്ട സഭകള്‍ തമ്മിലുള്ള തര്‍ക്കക്കേസില്‍ സര്‍ക്കാരിന് ഹൈക്കോടതിയില്‍ നിന്നും രൂക്ഷവിമര്‍ശനം. ശബരിമലയില്‍ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാന്‍ ആയിരക്കണക്കിന് പൊലിസിനെ സര്‍ക്കാര്‍ വിന്യസിക്കുമ്പോള്‍ പിറവത്ത് 200 പേര്‍ക്ക് സംരക്ഷണം നല്കാതിരിക്കാന് പറയുന്ന ന്യായങ്ങള്‍ സാധാരണക്കാര്‍ക്ക് മനസിലാകുന്നില്ലെന്നും കോടതി പറഞ്ഞു. പിറവം വിഷയം ഒത്തുതീര്‍ക്കാന്‍ ചര്‍ച്ച നടത്തുന്ന സര്‍ക്കാര്‍ ശബരിമല വിഷയത്തില്‍ എന്തുകൊണ്ട് ചര്‍ച്ച നടത്തുന്നില്ലെന്നും കോടതി ചോദിച്ചു.സുപ്രീംകോടതി വിധി നടപ്പാക്കുന്നതില്‍ സര്‍ക്കാരിന് ഇരട്ടത്താപ്പെന്നും കോടതി വിമര്‍ശിച്ചു.എന്നാല്‍ പിറവത്തേത് സവിശേഷ സാഹചര്യമാണെന്നായിരുന്നു സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞത്. വര്‍ഷങ്ങളായി തുടരുന്ന ഓര്‍ത്തഡോക്സ് – യാക്കോബായ സഭകളുടെ തര്‍ക്കത്തില്‍ യഥാര്‍ത്ഥ മലങ്കരവിഭാഗം ഓര്‍ത്തഡോക്സ് പക്ഷമാണെന്നാണ് സുപ്രീം കോടതി വിധിച്ചത്.ഇതോടെ ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ പ്രതിനിധിസഭയേയും മലങ്കരസഭയുടെ അധിപനായി കാതോലിക്കാ ബാവയെയും കോടതി അംഗീകരിച്ചു.പള്ളിയും പള്ളിഭരണവും ഇപ്പോഴുള്ള ഇടവകക്കാര്‍ക്ക് തന്നെ നടത്താം.പക്ഷേ പള്ളിവികാരിയെ നിയമിക്കാനുള്ള അധികാരം നിയമപരമായി ഇപ്പോള്‍ ഓര്‍ത്തഡോക്സ് സഭയ്ക്കാണ്.എന്നാല്‍ ഇത് അംഗീകരിക്കാന്‍ ഇടവകയിലെ ഭൂരിപക്ഷം വരുന്ന യാക്കോബായ അംഗങ്ങള്‍ തയ്യാറായിട്ടില്ല.ഇതാണ് പിറവത്ത് ഇപ്പോഴും പ്രതിസന്ധിക്കുകാരണമായി നില്‍ക്കുന്നത്.