കൊച്ചി:സിനിമാ വ്യവസായത്തിനു തന്നെ ഭീഷണിയായി തമിഴ് റോക്കേഴ്‌സ്.റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കം രജനീകാന്ത് ചിത്രം 2.0 ഇന്റര്‍നെറ്റിലൂടെ ലോകം കണ്ടു.ഇതിനോടകം 2000ത്തിലധികം ആളുകള്‍ ചിത്രം ഡൗണ്‍ലോഡ് ചെയ്തതായി സൈബര്‍സെല്‍ കണ്ടെത്തി.എന്നാല്‍ ഔദ്യോഗികമായി പരാതി ലഭിക്കാത്തതിനാല്‍ തമിഴ് റോക്കേഴ്‌സിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് സൈബര്‍സെല്‍ അറിയിച്ചു.
പൈറേറ്റ് വെബ്‌സൈറ്റിനെതിരേ നിയമനടപടികള്‍ കൈക്കൊള്ളണമെന്ന ആവശ്യവുമായി രജനി ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്.തമിഴ് റോക്കേഴ്‌സിനെതിരെ നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെങ്കിലും വെബ്‌സൈറ്റ് കൈകാര്യം ചെയ്യുന്നത് വിദേശത്തുനിന്നാണെന്ന കാരണത്താല്‍ ഇതുവരെയും ഇവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.സിനിമ ചോര്‍ത്തുമെന്ന് ഇവര്‍ റിലീസിനു മുന്‍പ് തന്നെ പ്രഖ്യാപിക്കുകയാണ് പതിവ്.
മുന്‍വര്‍ഷങ്ങളിലും വിവിധ ഭാഷകളിലായി നൂറു കണക്കിന് ചിത്രങ്ങള്‍ തമിഴ് റോക്കേഴ്‌സ് നിയമവിരുദ്ധമായി ചോര്‍ത്തി പ്രദര്‍ശിപ്പിച്ചിരുന്നു.കോടികള്‍ മുടക്കി നിര്‍മ്മിക്കുന്ന ചിത്രങ്ങള്‍ റിലീസ് ചെയ്ത ഉടന്‍ ഇന്റര്‍നെറ്റിലെത്തുന്നത് സിനിമാ വ്യവസായത്തിന് വലിയ ആഘാതമാവും.നിര്‍മ്മാതാക്കള്‍ പരാതി നല്‍കി മടുത്തതല്ലാതെ തമിഴ് റോക്കേഴ്‌സിനെ തൊടാന്‍ ഇതുവരെ നിയമസംവിധാനങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല.