തിരുവനന്തപുരം: നിരവധി തട്ടിപ്പുകേസുകളില്‍ പ്രതിയായി ജയിലില്‍ കഴിഞ്ഞ സരിത എസ് നായര്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് കൈമാറിയ പുതിയ പരാതിയിന്മേല്‍ പൊലീസ് ധൃതിപിടിച്ച് കേസെടുക്കില്ല. മുഖ്യമന്ത്രി സരിതയുടെ പരാതി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്ക്ക് കൈമാറിയിരുന്നു. എന്നാല്‍ തുടര്‍ നടപടിക്കായി ഡി.ജി.പി െ്രെകംബ്രാഞ്ച് തലവന്‍ മുഹമ്മദ് യാസീനെ ഏല്‍പ്പിക്കുകയായിരുന്നു.

പരാതി സംബന്ധിച്ച് വ്യാപകമായ ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തില്‍ സൂക്ഷിച്ച് കൈകാര്യം ചെയ്താല്‍ മതിയെന്നാണ് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരുടെ തീരുമാനം. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ നിഗമനങ്ങള്‍ തന്നെ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ നിയമവശങ്ങള്‍ തേടിയ ശേഷമാകും തുടര്‍ നടപടി.

മാത്രമല്ല, നവംബര്‍ ഒമ്പതിന് പ്രത്യേക നിയമസഭാ സമ്മേളനം ചേരാനും സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് വെയ്ക്കാനും സര്‍ക്കാര്‍ തീരുമാനമെടുത്ത സാഹചര്യത്തില്‍ തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളും നിരീക്ഷിച്ച് തുടര്‍ നടപടിക്ക് സാധുതയുണ്ടോയെന്ന് പൊലീസ് വിലയിരുത്തും. തിടുക്കത്തില്‍ ഈ പരാതിയിന്മേല്‍ കേസ് എടുത്താല്‍ കോടതിയില്‍ സമാധാനം പറയേണ്ടിവരുമെന്നാണ് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചനകള്‍. ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളുടെ പേര് പരാമര്‍ശിക്കുന്ന 17 പേജുള്ള പുതിയ പരാതിക്ക് പുറമേ നേരത്തെ സരിത നല്‍കിയ പരാതിയും െ്രെകംബ്രാഞ്ചിന്റെ പക്കലുണ്ട്.