പത്തനംതിട്ട:പത്തനംതിട്ടയില്‍ തട്ടിക്കൊണ്ട് പോയ പ്ലസ്ടു വിദ്യാര്‍ഥിയെ മോചിപ്പിച്ചു. സംഭവത്തില്‍ ക്വട്ടേഷന്‍ നല്‍കിയ കുട്ടിയുടെ അടുത്ത ബന്ധുക്കളടക്കമുള്ള സംഘം പൊലീസ് പിടിയിലായി. പെരുമ്പാവൂരില്‍ നിന്നാണ് ഇവരെ പിടികൂടിയത്. പിടിയിലായവരില്‍ മൈസൂരിലെ ഗുണ്ടാ സംഘവും ഉള്‍പ്പെടുന്നതായി പൊലീസ് സൂചന നല്‍കുന്നുണ്ട്. സംഘത്തിന്റെ മര്‍ദനമേറ്റ വിദ്യാര്‍ത്ഥി ഇപ്പോള്‍ പത്തനംതിട്ട താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇന്നലെ രാത്രി പത്തരയോടെ മഞ്ഞണിക്കരയിലാണ് സംഭവം.  മുത്തശ്ശിയും കുട്ടിയും മാത്രം വീട്ടിലുള്ള സമയത്ത് രണ്ട് വാഹനങ്ങളിലായാണ് സംഘം എത്തിയത്. കുട്ടിയുടെ അമ്മയുടെ ചേച്ചിയുടെ മകനും ഭര്‍ത്താവുമാണ് വീട്ടിലെത്തിയത്.തുടര്‍ന്ന് കുട്ടിയെ അനുനയിപ്പിച്ച് പുറത്തേക്ക് കൊണ്ടുപോയി.ബലം പ്രയോഗിച്ച് കാറില്‍ കയറ്റാന്‍ ശ്രമിച്ചപ്പോള്‍ എതിര്‍ത്ത കുട്ടിയെ ഇവര്‍ മര്‍ദിക്കുകയും ചെയ്തു.തുടര്‍ന്ന് മുത്തശ്ശിയെ തള്ളിയിട്ട ശേഷം കുട്ടിയെ തട്ടിക്കൊണ്ടുപോയി.
പിന്നീട് മോചനദ്രവ്യമായി ഇവര്‍ 25 ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു.മുത്തശ്ശിയാണ് വിവരം പൊലീസില്‍ അറിയിച്ചത്.വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കള്‍ ബംഗളൂരുവിലായിരുന്നെന്നു പറയപ്പെടുന്നു.ആക്രമികള്‍ സഞ്ചരിച്ച വാഹനത്തില്‍ നിന്ന് മുദ്രപത്രങ്ങളും വടിവാളുകളും കണ്ടെടുത്തിട്ടുണ്ട്.കസ്റ്റഡിയിലായ ഇവരെ ചോദ്യം ചെയ്യുകയാണ്.