പാലക്കാട്:പ്രഖ്യാപനത്തിനു പിന്നാലെ വിമര്‍ശനങ്ങളും ഏറ്റുവാങ്ങിയ വനിതാമതില്‍ പരിപാടിയില്‍ നിന്നും കേരള ബ്രാഹ്മണസഭ പിന്മാറി.നവോത്ഥാന മൂല്യങ്ങളുടെ പേരില്‍ ഉണ്ടാക്കിയ കമ്മിറ്റിയില്‍ തുടരാനാവില്ലെന്ന് ബ്രാഹ്മണസഭാ സംസ്ഥാന പ്രസിഡന്റ് കരിമ്പുഴ രാമന്‍ വിശദമാക്കി.
സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് പാര്‍ട്ടി  പരിപാടി നടത്തുന്നുവെന്നാരോപിച്ച് ഇതിനോടകം പ്രതിപക്ഷം പരിപാടിക്കെതിരെ രംഗത്തുവന്നുകഴിഞ്ഞു. ജനുവരി 1 ന് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ വനിതാ മതില്‍ സംഘടിപ്പിക്കുമെന്ന് കഴിഞ്ഞ ദിവസം സമുദായസംഘടനകളുടെ യോഗത്തിനുശേഷം മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.
നവോത്ഥാന പാരമ്പര്യമുള്ള സംഘടനകളേയും നവോദ്ധാന മൂല്യങ്ങള്‍ പിന്തുടരുന്ന സംഘടനകളേയും അണിനിരത്തി കേരളത്തെ  വീണ്ടും ഭ്രാന്താലമാക്കരുത് എന്ന മുദ്രാവാക്യവുമായാണ് വനിതാമതില്‍ സംഘടിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.