തിരുവനന്തപുരം: ബി.എസ്.എന്‍.എല്‍ കേരള സര്‍ക്കിള്‍ സംസ്ഥാനത്തെ ഉപഭോക്താക്കള്‍ക്കായി പുതിയ പ്ലാന്‍ അവതരിപ്പിച്ചു. 466 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ ഇന്ത്യയിലെ ഏത് നെറ്റ്വര്‍ക്കിലേക്കും പരിധിയില്ലാത്ത സൗജന്യ കോളുകളാണ് വാഗ്ദാനം. പ്രതിദിനം ഒരു ജി.ബി ഡേറ്റയും നല്‍കും. 84 ദിവസത്തേക്കാണിത് ലഭിക്കുക. നിലവിലുള്ള പ്രീപെയ്ഡ് വരിക്കാര്‍ക്കും ഈ പ്ലാനിലേക്ക് മാറാന്‍ അവസരമുണ്ടെന്ന് കേരള സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജര്‍ ഡോ. പി.ടി മാത്യു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ബി.എസ്.എന്‍.എല്‍ അവതരിപ്പിക്കുന്ന പുതിയ ഫോണുകള്‍ ഏതാനും ദിവസത്തിനുള്ളില്‍ കേരള വിപണിയില്‍ ലഭ്യമാകും. മൈക്രോമാക്സ് കമ്പനിയുമായി സഹകരിച്ചാണ് 4ജി ഫോണ്‍ അവതരിപ്പിക്കുന്നത്. ഈ ഫോണിനോടൊപ്പം 97 രൂപയ്ക്കു പരിധിയില്ലാതെ കാളുകള്‍ വിളിക്കാനും ഡാറ്റ ഉപയോഗിക്കാനും കഴിയുന്ന പ്ലാനും ഉണ്ടാകും. 365 ദിവസം വാലിഡിറ്റി ഉള്ള ഈ പ്ലാനില്‍ 28 ദിവസത്തേക്കാണ് ഈ സൗജന്യം.
കേരളത്തില്‍ ബി.എസ്.എന്‍.എലിന് ഒരു കോടി ഉപഭോക്താക്കളായെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഈമാസം ആദ്യമാണ് ഈ നേട്ടം കൈവരിച്ചത്. ഇതില്‍ 97.8 ലക്ഷം പ്രീപെയ്ഡ് വരിക്കാരും 2.4 ലക്ഷം പോസ്റ്റ് പെയ്ഡ് വരിക്കാരുമാണ്. ബി.എസ്.എന്‍.എല്‍ പ്രീപെയ്ഡ് മൊബൈല്‍ വരിക്കാര്‍ക്ക് യു.എ.ഇയില്‍ ഇന്റര്‍നാഷണല്‍ റോമിംഗ് സൗകര്യം ലഭിക്കുന്ന സ്കീമിനും രൂപം നല്‍കിയിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള ഒട്ടനവധി പ്രവാസികള്‍ക്കു ഉപകാരപ്രദമാകുന്ന സൗകര്യം യു.എ.ഇയിലെ പ്രമുഖ ടെലികോം സേവനദാതാവായ എത്തിസലാത്തുമായി സഹകരിച്ചാണ് നടപ്പാക്കിയിരിക്കുന്നത്.
മൊബൈല്‍ വികസനത്തിന്റെ ഭാഗമായി പുതിയതായി 855 2ജി മൊബൈല്‍ ബി.റ്റി.എസുകളും 1083 3ജി മൊബൈല്‍ ബി.റ്റി.എസുകളും 662 4ജി മൊബൈല്‍ ബി.റ്റി.എസുകളും സ്ഥാപിക്കുന്ന പദ്ധതി അടുത്തവര്‍ഷം മാര്‍ച്ചോടെ പൂര്‍ത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു.
ആധാറുമായി ബന്ധിപ്പിച്ചാല്‍ സൗജന്യ സിം
തിരുവനന്തപുരം: മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കുന്ന ഉപഭോക്താക്കള്‍ക്ക് പുതിയ മറ്റൊരു സൗജന്യ സിം നല്‍കുമെന്ന് ബി.എസ്.എന്‍.എല്‍ കേരള സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജര്‍ ഡോ. പി.ടി മാത്യു അറിയിച്ചു. കണക്ഷനുകളുടെ ആധികാരികത ഉറപ്പിക്കുന്നതിനാണിത്. ജനുവരി 31ന് മുമ്പ് നടപടി പൂര്‍ത്തിയാക്കും. കേരളത്തിലെ ബി.എസ്.എന്‍.എല്ലിന്റെ ഒരു കോടിയിലധികം മൊബൈല്‍ കണക്ഷനുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയില്‍ നടക്കുകയാണ്. ഇതിനോടകം തന്നെ 19.21 ലക്ഷം കണക്ഷനുകള്‍ ബന്ധിപ്പിച്ചു കഴിഞ്ഞു.
കേരളത്തിലുടനീളം 2266 വൈഫൈ ഹോട്ട്സ്പോട്ടുകള്‍ സ്ഥാപിക്കാനുള്ള കേരള സര്‍ക്കാരിന്റെ കരാര്‍ ബിഎസ്എന്‍എല്‍ കരസ്ഥമാക്കി. ഏഴു മാസത്തിനുള്ളില്‍ ഈ ഹോട്ട്സ്പോട്ടുകള്‍ പ്രവത്തനക്ഷമമാകുവാനാണ് പദ്ധതി. ഗ്രാമ പ്രദേശങ്ങളിലെ ഉപഭോക്താക്കള്‍ക്ക് 1200 രൂപയുടെ വാര്‍ഷിക ലാന്‍ഡ്ലൈന്‍ പ്ലാനും നഗരപ്രദേശങ്ങളിലെ ഉപഭോക്താക്കള്‍ക്ക് 1500 രൂപയുടെ വാര്‍ഷിക ലാന്‍ഡ്ലൈന്‍ പ്ലാനും നിലവിലുണ്ട്. ഈ പ്ലാനുകളില്‍ ഇന്ത്യയിലെമ്പാടുമുള്ള ഫോണുകളിലേക്ക് രാത്രി ഒമ്പതു മുതല്‍ രാവിലെ ഏഴുവരെയും ഞായറാഴ്ചകളിലുമുള്ള വിളികള്‍ സൗജന്യമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.