ന്യൂഡല്‍ഹി:ശബരിമല വിഷയത്തില്‍ ഹൈക്കോടതിയിലുള്ള എല്ലാ എല്ലാ ഹര്‍ജികളിലെയും നടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സംസ്ഥാനസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി.കൂടാതെ സ്ത്രീപ്രവേശനവിധിയുമായി  ബന്ധപ്പെട്ട് ഹൈക്കോടതിയിലെത്തിയിരിക്കുന്ന 23 റിട്ട് ഹര്‍ജികള്‍ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്നും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
ഭരണഘടനയുടെ 139 എ പ്രകാരം ചീഫ് സെക്രട്ടറിയാണ് ഹര്‍ജി സമര്‍പ്പിച്ചത്. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹര്‍ജി ജനുവരി 22ന് സുപ്രീംകോടതി പരിഗണിക്കാനിരിക്കെ ഹൈക്കോടതി സമാന ഹര്‍ജികള്‍ പരിഗണിക്കുന്നത് ശരിയല്ലെന്നും ഹര്‍ജിയില്‍ പറഞ്ഞു.
സുപ്രീംകോടതി വിധിക്കെതിരെ തീവ്രവലതുപക്ഷസംഘടനകള്‍  രംഗത്തെത്തിയെന്നും ശരണമന്ത്രം രാഷ്ട്രീയമുദ്രാവാക്യമായെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഭക്തരുടെ വേഷത്തില്‍ എത്തിയവര്‍ ദര്‍ശനത്തിന് എത്തിയ യുവതികളെയും വനിതാ മാധ്യമപ്രവര്‍ത്തകരെയും ആക്രമിക്കുകയും സ്ത്രീകള്‍ക്കുനേരെ അശ്ലീലപ്രയോഗം നടത്തുകയും ചെയ്തതായും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
സര്‍ക്കാര്‍ ഒരുക്കിയ സുരക്ഷാ നിയന്ത്രണങ്ങള്‍ സംരക്ഷിക്കാന്‍ സുപ്രീം കോടതി ഇടപെടണമെന്നും അല്ലെങ്കില്‍ സര്‍ക്കാര്‍ ബുദ്ധിമുട്ടിലാകുമെന്നും ഹര്‍ജിയില്‍ പറയുന്നു.