ന്യൂഡല്‍ഹി:കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തിയ വെളിപ്പെടുത്തലിനു പിന്നാലെ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയ്‌ക്കെതിരെ കൂടുതല്‍ ഗുരുതരമായ ആരോപണങ്ങള്‍ പുറത്തുവരുന്നു. ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) യില്‍നിന്ന് ബഹ്‌റയെ നീക്കിയത് ഇന്ത്യന്‍ മുജാഹിദീന്‍ ഭീകരന്‍ യാസിന്‍ ഭട്കലിനെ അറസ്റ്റ് ചെയ്ത വിവരം പുറത്തുവിട്ടതിനാണെന്ന് റിപ്പോര്‍ട്ട്.ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് മലയാള മനോരമയാണ് വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്.
യാസിന്‍ ഭട്കല്‍ പിടിയിലായ വിവരം പുറത്തു വിട്ടത് ലോക്നാഥ് ബെഹ്റയാണെന്ന തിരിച്ചറിഞ്ഞ അന്നു രാത്രിയില്‍തന്നെ അദ്ദേഹത്തെ ചുമതലയില്‍ നിന്നും നീക്കി ഉത്തരവിറക്കി.ഭീകരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ ചോദ്യം ചെയ്യാന്‍ അമേരിക്കയിലേക്കുപോയ അന്വേഷണസംഘത്തെ നയിച്ച ബെഹ്‌റയ്‌ക്കെതിരെ അന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.                               ഇസ്രത് ജഹാന്‍ വ്യാജ ഏറ്റമുട്ടല്‍ കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ എന്നിവരെ രക്ഷിക്കാന്‍ എന്‍ഐഎയുടെ തലപ്പത്തിരുന്ന ബെഹ്‌റ ശ്രമിച്ചതായിട്ടാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചത്.മോദിക്കും അമിത്ഷായ്ക്കും അനുകൂലമായി ബഹ്‌റ നല്‍കിയ റിപ്പോര്‍ട്ടിന്റെ ഫയലുകള്‍ താന്‍ ആഭ്യന്തര സഹമന്ത്രിയായിരിക്കേ കണ്ടിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു.ബെഹ്‌റ ഈ കേസില്‍ നടത്തിയ അന്വേഷണത്തെ കുറിച്ച് വ്യക്തമാക്കണമന്നും എന്‍ഐഎയില്‍നിന്ന് അവധിയെടുത്തെങ്കില്‍ എന്തിനെന്ന് പറയണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടിരുന്നു.
മുഖ്യമന്ത്രിയായ ശേഷം പിണറായി വിജയന്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു.ഈ സന്ദര്‍ശനത്തിന് ശേഷമാണ് ലോക്‌നാഥ് ബെഹ്‌റയെ ഡിജിപിയായി തീരുമാനിച്ച് പിണറായി വിജയന്‍ ഉത്തരവിട്ടത്.ഇത് ഇസ്രത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ നിന്നും മോദിയെ രക്ഷിക്കാന്‍ ശ്രമിച്ചതിന്റെ പ്രത്യുപകാരമാണ്. പിണറായി വിജയനോട് ഡിജിപിയെ നിര്‍ദേശിച്ചത് മോദിയാണെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു.