തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട കമ്മീഷന് റിപ്പോര്ട്ടിന്മേല് യു ഡി എഫ് നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ വീണ്ടും പുറത്ത് നിന്ന് നിയമോപദേശം തേടാനുള്ള നീക്കം സര്‍ക്കാരിന്റെ കുടില തന്ത്രമാണ് പുറത്ത് കൊണ്ടുവന്നിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വേങ്ങര ഉപതിരഞ്ഞെടുപ്പ് സമയത്ത് യു ഡി എഫിനെ തേജോവധം ചെയ്ത് രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു യു ഡി എഫ് നേതാക്കള്‍ക്കെതിരെ അഴിമതിക്കും, സ്ത്രീപീഡനത്തിനും കേസെടുക്കാനുള്ള സര്‍ക്കാര്‍ നീക്കം.
അഡ്വക്കറ്റ് ജനറലില്‍ നിന്നും, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രൊസിക്യുഷനില് നിന്നും ലഭിച്ച നിയമോപദേശത്തെത്തുടര്‍ന്നാണ് കേസെടുക്കാന്‍ സര്‍ക്കാര്‍ തിരുമാനിച്ചത് എന്നാണ് മുഖ്യമന്ത്രി പത്ര സമ്മേളനത്തില്‍ പറഞ്ഞത്. എന്നാല്‍ അന്ന് അഡ്വക്കറ്റ് ജനറലില്‍ നിന്നും, ഡി ജി പിയില്‍ നിന്നും സര്‍ക്കാരിന് ലഭിച്ച നിയമോപദേശം തെറ്റാണെന്ന് തെളിഞ്ഞത് കൊണ്ടാണ് പുറത്ത് നിന്നുള്ള ഒരു നിയമജ്ഞനില്‍ നിന്നും ഇക്കാര്യത്തില്‍ വീണ്ടും നിയമോപദേശം തേടുന്നതന്നതെന്ന് ഇതോടെ വ്യക്തമായി.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയടക്കമുള്ള ഉന്നത യു ഡി എഫ് നേതാക്കള്‍ക്കെതിരെ കേസെടുക്കാനുള്ള സര്‍ക്കാര്‍ നീക്കം തെറ്റായ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ യാതൊരു അവധാനതയുമില്ലാതെയെടുത്ത നടപടിയായിരുന്നു. വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ വോട്ട് അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ രാഷ്ട്രീയ നാടകം മാത്രമായിരുന്നു ഈ അന്വേഷണ പ്രഖ്യാപനം എന്ന് വ്യക്തമാവുകയാണ്. അഡ്വേക്കറ്റ് ജനറലില്‍ നിന്ന് ലഭിച്ച നിയമോപദേശത്തെക്കുറിച്ച് സര്‍ക്കാരിന് തന്നെ സംശയമുണ്ടെന്നാണ് പുതിയ നിയമോപദേശം തേടാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ നിന്ന് മനസിലാകുന്നത്. രാഷ്ട്രീയ പ്രതികാര ബുദ്ധിയോടെ മുന്‍മുഖ്യമന്ത്രിയടക്കമുള്ള യു ഡി എഫ് നേതാക്കളെ കരിവാരി തേക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തിയതെന്ന് ഇതിലൂടെ എല്ലാവര്ക്കും ബോധ്യമായെന്നും രമേശ് ചെന്നിത്തല പ്രസ്താവനയില്‍ പറഞ്ഞു.