കണ്ണൂര്‍:പറശ്ശിനിക്കടവില്‍ പതിനാറുകാരിയെ കൂട്ടമാനഭംഗം ചെയ്ത കേസില്‍ പ്രതികളായ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.ലോഡ്ജ് മാനേജര്‍ പവിത്രന്‍, ബലാല്‍സംഗം ചെയ്ത മാട്ടൂല്‍ സ്വദേശി സന്ദീപ്, ശ്രീകണ്ഠാപുരത്തെ ഷബീര്‍, ചൊറുക്കളയിലെ ഷംസുദ്ദീന്‍, നടുവിലിലെ അയൂബ് എന്നിവരെയാണ് തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ് ഐ കെ ദിനേശന്‍ അറസ്റ്റ് ചെയ്തത്.
കേസുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവ് അടക്കം 8 പേരെ കൂടി കസ്റ്റഡിയിലെടുത്തതായും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.എന്നാല്‍ ഇവരുടെ പേര് വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.ആദ്യം ലൈംഗികമായി പീഡിപ്പിച്ചത് അച്ഛനാണെന്ന പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അച്ഛനെയും കസ്റ്റഡിയിലെടുത്തു.കേസില്‍ 19 പ്രതികളുണ്ടെന്ന് പോലീസ് അറിയിച്ചു.
അഞ്ജന എന്ന പേരില്‍ ഫേസ്ബുക്കില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കിയാണ് പെണ്‍കുട്ടിയുമായി ചെറുപ്പക്കാര്‍ അടുപ്പമുണ്ടാക്കിയത്. അഞ്ജനയുടെ സഹോദരന്‍ എന്ന പേരിലും പെണ്‍കുട്ടിയുമായി ബന്ധമുണ്ടാക്കി.പരിചയപ്പെട്ട ആളെ തേടി പെണ്‍കുട്ടി പറശ്ശിനിക്കടവില്‍ എത്തിയപ്പോള്‍ ലോഡ്ജില്‍ എത്തിച്ച് കൂട്ട ബലാല്‍സംഗം ചെയ്യുകയായിരുന്നു.പെണ്‍കുട്ടിയെ കട്ടിലില്‍ കെട്ടിയിട്ടാണ് പീഡിപ്പിച്ചത്.ലൈംഗിക പീഡനത്തിന്റെ ദൃശ്യങ്ങള്‍ സംഘം വീഡിയോയില്‍ പകര്‍ത്തിയതായി പൊലീസ് പറയുന്നു.
തുടര്‍ന്ന് പെണ്‍കുട്ടിയുടെ നഗ്ന ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് സഹോദരനെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയും മര്‍ദ്ദിക്കുകയും ചെയ്തതോടെയാണ് സംഭവം പുറംലോകമറിയുന്നത്. സഹോദരന്‍ വീട്ടില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അമ്മ കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് പീഡനവിവരമറിഞ്ഞത്.തുടര്‍ന്ന് പെണ്‍കുട്ടിയുമായി അമ്മ വനിതാ സെല്ലില്‍ എത്തുകയും പോലീസുമായി സംസാരിച്ച് കേസ് തളിപ്പറമ്പ് സ്റ്റേഷനിലേക്ക് കൈമാറുകയുമായിരുന്നു.
ലോഡ്ജില്‍ മാത്രമല്ല ചില വീടുകളില്‍ വെച്ചും തന്നെ ബലാല്‍സംഗം ചെയ്തതായി പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഡിവൈഎഫ്ഐ ആന്തൂര്‍ മേഖലാ കമ്മറ്റി അംഗം ഉള്‍പ്പടെ ഏഴ് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.