തിരുവനന്തപുരം: വികസന കാര്യത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറുണ്ടോയെന്ന പിണറായി വിജയന്റെ വെല്ലുവിളിക്ക് കെ.സുരേന്ദ്രന്റെ മറുപടി. കേരളം വികസനത്തിന്റെ കാര്യത്തില്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് എവിടെ നില്‍ക്കുന്നു എന്നതു സംബന്ധിച്ച് ഒരു തുറന്ന സംവാദത്തിനു ബിജെപി ഒരുക്കമാണെന്ന് സുരേന്ദ്രന്‍.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്‌സ് ബുക്കിലിട്ട പോസ്റ്റിനിന് ഫെയ്‌സ്ബുക്കിലൂടെ തന്നെയാണ് ബിജെപിയും മറുപടി നല്‍കിയത്. വികസനത്തിന്റെയും ദാരിദ്ര്യ നിര്‍മാര്‍ജനത്തിന്റെയും കാര്യത്തില്‍ തങ്ങളോടു ഏറ്റുമുട്ടാന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ സിപിഎമ്മിനെ വെല്ലുവിളിച്ചിരുന്നു. ഇതിനു മറുപടിയായിട്ടായിരുന്നു പിണറായിയുടെ കുറിപ്പ്.

സ്ഥലവും സമയവും പിണറായിക്കു പറയാമെന്നും താങ്കള്‍ക്കിഷ്ടമുള്ള ഏതു മൂന്നാം കക്ഷിയേയും മാധ്യസ്ഥനായും വെക്കാമെന്നും പറഞ്ഞാണ് സുരേന്ദ്രന്റെ പോസ്റ്റ് അവസാനിക്കുന്നത്.