കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം യാഥാര്‍ത്ഥ്യമായി.ജനലക്ഷങ്ങളെ സാക്ഷിനിര്‍ത്തി കേന്ദ്രമന്ത്രി വ്യോമയാനമന്ത്രി സുരേഷ്പ്രഭുവും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് ആദ്യവിമാനം ഫ്‌ളാഗ്ഓഫ് ചെയ്തു.അബുദാബിയിലേക്ക് 185 യാത്രക്കാരുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് പറന്നുയര്‍ന്നു.രാവിലെ പത്തിനാണ് ഉദ്ഘാടന ചടങ്ങ്.ആദ്യം ഒമ്പതരയ്ക്ക് ഫ്‌ളാഗ് ഓഫ് ചടങ്ങ് നടക്കുമെന്നറിയിച്ചിരുന്നെങ്കിലും 15 മിനിറ്റ് വൈകി 10.10 നാണ് വിമാനം പറന്നുയര്‍ന്നത്.

രാവിലെ 9.45 ന് വിമാനത്താവള ടെര്‍മിനല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.ആദ്യവിമാനത്തിലെ യാത്രക്കാതെ രാവിലെ 6 മണിക്ക് വയന്തോട് സ്വീകരണം നല്‍കിയശേഷം പ്രത്യേക ബസില്‍ വിമാനത്താവളത്തില്‍ എത്തിക്കുകയായിരുന്നു.
ഇന്ന് ഒമ്പത് ആഭ്യന്തര-അന്താരാഷ്ട്ര സര്‍വീസുകള്‍ ഉണ്ടാവും.11 മണിക്ക് ആഭയന്തരസര്‍വീസുകള്‍ തുടങ്ങും. അബുദാബിയിലേക്കുപോയ എയര്‍ ഇന്ത്യ വിമാനം രാത്രി ഏഴിന് തിരിച്ചെത്തും. തുടര്‍ന്നുളള ദിവസങ്ങളില്‍ ഈ വിമാനം രാവിലെ ഒന്‍പതിന് പുറപ്പെട്ട് രാത്രി 8.20ന് തിരിച്ചെത്തും.ദോഹ, ഷാര്‍ജ, റിയാദ് എന്നിവടങ്ങളിലേക്കും എയര്‍ ഇന്ത്യ സര്‍വീസുണ്ടാകും. ഇതിന് പുറമേ മസ്‌ക്കറ്റിലേക്കുള്ള സര്‍വീസും ആരംഭിക്കും.

മുന്‍ മുഖ്യമന്ത്രിമാരായ വി എസ് അച്യുതാനന്ദനേയും ഉമ്മന്‍ചാണ്ടിയേയും ചടങ്ങിലേക്ക് ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ച് യുഡിഎഫ് ഉദ്ഘാടനം ബഹിഷ്‌കരിച്ചു.തുടക്കത്തില്‍ ആഴ്ച്ചയില്‍ നാല് ദിവസമുളള ഷാര്‍ജ സര്‍വീസ് പിന്നീട് ദിവസേനയാക്കാനും എയര്‍ ഇന്ത്യയ്ക്ക് പദ്ധതിയുണ്ട്. അബുദാബി, ദമാം, മസ്‌ക്കറ്റ്, ദോഹ, കുവൈറ്റ് എന്നിവടങ്ങളിലേക്ക് സര്‍വീസ് നടത്താന്‍ ഗോ എയറും താത്പര്യം അറിയിച്ചിട്ടുണ്ട്.