കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ നടന്‍ ദിലീപിന് ഗോവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഏജന്‍സിയുടെ സുരക്ഷ. തണ്ടര്‍ ഫോഴ്‌സ് എന്ന ഏജന്‍സിയാണ് ദിലീപിന് സുരക്ഷയേര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ സുരക്ഷയ്‌ക്കെത്തിയ വാഹനങ്ങള്‍ കൊട്ടാരക്കര പോലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ത്യയില്‍ നിരവധി സംസ്ഥാനങ്ങളിലായി പ്രവര്‍ത്തിക്കുന്ന സുരക്ഷാ ഏജന്‍സിയാണ് തണ്ടര്‍ഫോഴ്‌സ്. വിഐപികള്‍ക്കായി സുരക്ഷയൊരുക്കലാണ് ഏജന്‍സിയുടെ ദൗത്യം. മലയാളിയായ അനില്‍ നായരുടെ കീഴിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്.

സുരക്ഷയ്ക്കായി തണ്ടര്‍ഫോഴ്‌സിലെ മൂന്ന് ഉദ്യോഗസ്ഥര്‍ ദിലീപിനൊപ്പം എപ്പോഴും ഉണ്ടാകും. വിരമിച്ച മലയാളി പോലീസ് ഉദ്യോഗസ്ഥനാണ് സുരക്ഷാ ചുമതല. ഇന്നലെ തണ്ടര്‍ഫോഴ്‌സ് സംഘം ദിലീപിന്റെ വീട്ടിലെത്തിയെന്നാണ് സൂചന.

ദിലീപിന് സുരക്ഷ ഏര്‍പ്പെടുത്തിയത് എന്തിനെന്നും സുരക്ഷാ ക്രമീകരണങ്ങളുടെ വിശദാംശങ്ങളും ആയുധങ്ങളോടെയാണോ സുരക്ഷ എന്നതും പരിശോധിക്കാനാണ് പോലീസ് വാഹനങ്ങള്‍ കസ്റ്റടിയിലെടുത്തത്.