ലണ്ടണ്‍:വായ്പാതട്ടിപ്പ് നടത്തി വിദേശത്തേക്ക് കടന്ന മദ്യരാജാവ് വിജയ് മല്യയെ ഇന്ത്യയിലേക്ക് തിരിച്ചയക്കണമെന്ന് ലണ്ടണ്‍ കോടതി ഉത്തരവായി.ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ കോടതിയാണ് ഉത്തരവിട്ടത്.മല്യ വസ്തുതകള്‍ വളച്ചൊടിച്ചെന്ന് കോടതി ചൂണ്ടിക്കാട്ടി.ബാങ്കുകളെ കബളിപ്പിച്ചാണ് വായ്പയെടുത്തതെന്നും തിരിച്ചടക്കാന്‍ ആത്മാര്‍ത്ഥമായ ശ്രമം നടത്തിയില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.മല്യയ്ക്ക് മേല്‍ക്കോടതിയെ സമീപിക്കാന്‍ 14 ദിവസത്തെ സമയം നല്‍കി.
രാജ്യത്തെ പൊതുമേഖല ബാങ്കുകളില്‍ നിന്നും 9000 കോടിയിലേറെ വായ്പയെടുത്ത ശേഷം തിരിച്ചടയ്ക്കാതെ വന്നപ്പോള്‍ വിജയ് മല്യക്കെതിരെ കേസെടുക്കുകയായിരുന്നു. കേസെടുത്തതിന് പിന്നാലെ 2016 മാര്‍ച്ചില്‍ ബ്രിട്ടണിലേക്ക് കടന്ന മല്യയെ വിട്ടുനല്‍കണമെന്ന ആവശ്യവുമായി 2017 ഫെബ്രുവരിയിലാണ് കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗികമായി ബ്രിട്ടനെ സമീപിച്ചത്.തുടര്‍ന്ന്,കഴിഞ്ഞ ഏപ്രിലില്‍ മല്യയെ അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
എന്നാല്‍ താന്‍ നിരപരാധിയാണെന്നും ഇന്ത്യയിലെ മാധ്യമങ്ങളും മറ്റും തന്നെ തട്ടിപ്പുകാരനായി ചിത്രീകരിക്കുകയാണെന്നും മല്യ പറഞ്ഞിരുന്നു.താന്‍ ഒരുരൂപപോലും  വായ്പയെടുത്തിട്ടില്ലെന്നും കിങ്ഫിഷര്‍ എയര്‍ലൈന്‍സാണ് വായ്പയെടുത്തതെന്നുമാണ് മല്യയുടെ വാദം.ബിസിനസ് തകര്‍ന്നതുകൊണ്ടാണ് തുക തിരിച്ചടയ്ക്കാന്‍ കഴിയാതെവന്നതെന്നും വിജയ്മല്യ പറഞ്ഞു.