തിരുവനന്തപുരം:സാധാരണക്കാരുടെ സിനിമാസ്വാദനത്തിന് ചലച്ചിത്ര മേളകള്‍ മാറ്റു കൂട്ടുന്നതായി യുവ സംവിധായകര്‍. ജീവിത യാഥാര്‍ത്ഥ്യങ്ങളെ അതേപടി തിരശ്ശീലയില്‍ പകര്‍ത്തുന്നതിലൂടെ ജീവിതവും സിനിമയും തമ്മിലുള്ള ദൂരം കുറയുകയാണ്.ഇത്തരം സിനിമകള്‍ക്ക് ചലച്ചിത്ര മേളകള്‍ മികച്ച പ്രോത്സാഹനമാണ് നല്‍കുന്നതെന്നും ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുത്തുകൊണ്ട് യുവ സംവിധായകര്‍ പറഞ്ഞു.
വാണിജ്യ സിനിമകള്‍ക്കെന്നപോലെ കലാമൂല്യമുള്ള സ്വതന്ത്ര സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതിനും ഒരിടമുണ്ടാകണം.ഇത്തരം സിനിമകളെ രാജ്യാന്തര മേളകളിലേക്ക് അയക്കുന്നതിന് ഫിലിം മാര്‍ക്കറ്റുകള്‍ സ്ഥാപിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.ബിബിന്‍ രാധാകൃഷ്ണന്,പി.കെ ബിജു കുട്ടന്, ഉണ്ണി കൃഷ്ണന് ആവള,സക്കറിയ,വിനു എ.കെ,സുമേഷ് ലാല്‍,ബിനു ഭാസ്കര്‍,ഗൗതം സൂര്യ,സുധീപ് ഇളമണ്‍ എന്നിവര്‍ പങ്കെടുത്തു. ഡോ.ബിജു മോഡറേറ്റര്‍ ആയിരുന്നു.
ലിംഗവിവേചനത്തിന്റെ കാര്യത്തില്‍ സ്ത്രീകളുടെ സാമൂഹ്യസ്ഥിതി മെച്ചപ്പെടുന്നില്ലെന്ന് വസന്ത് സായ്
തിരുവനന്തപുരം:ലിംഗവിവേചനത്തിന്റെ കാര്യത്തില്‍ സ്ത്രീകളുടെ സാമൂഹ്യസ്ഥിതി മെച്ചമായിട്ടില്ലെന്ന് തമിഴ് സംവിധായകന് വസന്ത് സായ്.സ്ത്രീകള്‍ക്ക് വസ്ത്രധാരണത്തിലും തൊഴില്‍ ചെയ്യുന്നതിനുമുള്ള സാമൂഹ്യസ്ഥിതിയില്‍ മാറ്റമുണ്ടായിട്ടുണ്ട്.എന്നാല്‍ സമൂഹത്തില്‍ വ്യക്തിത്വം പോലും അംഗീകരിക്കപ്പെടാത്ത നിരവധി സ്ത്രീകളുണ്ടെന്നും അവരുടെ ജീവിതമാണ് ‘ശിവരഞ്ജിനിയും ഇന്നും സില പെണ്‍ഗളും’ എന്ന ചിത്രം ഓര്‍മ്മപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ചുള്ള മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭൂട്ടാനില്‍ സ്വന്തം ശബ്ദം കണ്ടെത്താനാകാത്ത വിധം നിസ്സഹായരാണ് ഭൂരിപക്ഷം സ്ത്രീകളുമെന്ന് സംവിധായിക താഷി ഗെയ്ല്റ്റ്ഷെന് പറഞ്ഞു.അത്തരം സ്ത്രീകളുടെ പ്രതിനിധാനമായാണ് തന്റെ ദി റെഡ് ഫാലസ് എന്ന ചിത്രത്തിലെ നായികയെന്ന് അവര്‍ പറഞ്ഞു.പ്രാദേശിക വിഷയങ്ങള്‍ക്ക് പ്രമേയമാക്കുന്ന ചിത്രങ്ങള്‍ക്ക് പ്രസക്തി വര്‍ദ്ധിച്ചുവരികയാണെന്നും സുഡാനി ഫ്രം നൈജീരിയയുടെ വിജയം അത് അടയാളപ്പെടുത്തുന്നതായും സംവിധായകന് സക്കറിയ പറഞ്ഞു. സംവിധായകന് സുമേഷ് ലാല്‍, മീരാസാഹിബ്,ബാലുകിരിയത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.